മഞ്ചേരി നിയോജകമണ്ഡലത്തിൽ നടക്കുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി അഡ്വ യു.എ ലത്തീഫ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മോണിറ്ററിങ് യോഗം ചേർന്നു.മഞ്ചേരി നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ പൊതുമരാമത്തു വകുപ്പിലെ എല്ലാ വിഭാഗങ്ങളുടെയും പ്രവൃത്തികളുടെയും സമഗ്ര അവലോകനം നടത്തി. കിഫ്ബി ഫണ്ട് അനുവദിച്ച മഞ്ചേരി-ഒലിപ്പുഴ റോഡിൻറെ പ്രവൃത്തി തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. പ്രവൃത്തി ടെൻഡർ ചെയ്ത തുടിയാൻ മല -കൊടശ്ശേരി റോഡ്, അറിക്കണ്ടം പാക്ക് നെമ്മിനി ചർച്ച് റോഡ് മഴ മാറിയാൽ ഉടൻ പ്രവൃത്തി ആരംഭിക്കാനും ആഞ്ഞിലങ്ങടി – ഏപ്പിക്കാട് റോഡിൻറെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിക്കുന്നതിനും മണ്ഡലത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ പ്രവൃത്തി അടിയന്തരമായി തുടങ്ങുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.മഞ്ചേരി ഫയർ സ്റ്റേഷൻ കെട്ടിടം,കോടതി സമുച്ചയ കെട്ടിടം, പോളി ടെക്നിക് കെട്ടിടം, നഴ്സിങ് സ്കൂൾ കെട്ടിടം, മെഡിക്കൽ കോളജ് കെട്ടിങ്ങളുടെ നിർമാണം തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കാനും എം.എൽ.എ നിർദേശം നൽകി. നിയോജകമണ്ഡലം നോഡൽ ഓഫീസറും കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറുമായ കെ.എം ഇസ്മായിൽ ചർച്ചകൾ ഏകോപിപ്പിച്ചു.

അഡ്വ യു.എ ലത്തീഫ് എംഎൽഎ, നഗരസഭാ ചെയർപേ്സൺ വി.എം സുബൈദ, വൈസ് ചെയർമാൻ വി.പി ഫിറോസ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി ഷാഹിദ മുഹമ്മദ്, എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ വലിയാട്ടിൽ,പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ റബിയത്ത്, കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല ചാലിയത്തോടി, വൈസ് പ്രസിഡൻ്റ് എൻ മുഹമ്മദ്, പൊതുമരാമത്ത് വകുപ്പിൻ്റെ നിരത്തുകൾ, കെട്ടിടം, പാലം, ഇലക്ട്രിക്കൽ, മെയിന്റൻ സ്,വിഭാഗങ്ങളിലെയും, കെ എസ് ടി പി, വാട്ടർ അതോറിറ്റി, കെ.ആർ.എഫ്ബി. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റൻ്റ് എൻജിനീയർമാർ, ഓവർസിയർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.