പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്നതിന് 450 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ പുരോഗമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിദ്യാഭ്യാസ മേഖലയില്‍ മാത്രമായി 11 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്. സുവോളജിക്കല്‍ പാര്‍ക്ക്, മാനസസരോവരം-പൂത്തൂര്‍ കായല്‍ നവീകരണം, പട്ടികജാതി-പട്ടികവര്‍ഗ കോളനി വികസനം, തുടങ്ങി വിവിധ പ്രവൃത്തികളിലൂടെ പുത്തൂരിന്റെ
സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മതിക്കുന്ന് ഗവ.ജൂനിയര്‍ ബേസിക് സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നതിന് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇതിനായി അധ്യാപകരുടെയും പിടിഎയുടെയും രക്ഷിതാക്കളുടെയും പൂര്‍ണ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്.

രണ്ട് നിലയും സ്റ്റെയര്‍ റൂമുമായി വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടം 3400 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മ്മിക്കുന്നത്. അഞ്ച് ക്ലാസ് മുറികളും ഭിന്നശേഷി സൗഹൃദമായ ശുചിമുറികളും കെട്ടിടത്തില്‍ ഒരുക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് സജിത്ത്, തുശൂര്‍ ഈസ്റ്റ് എഇഒ പി എം ബാലകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് പി ജെ സുനിമോള്‍, പിടിഎ പ്രസിഡന്റ് കെ പി ജെയ്സണ്‍ എന്നിവര്‍ പങ്കെടുത്തു.