പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 9 കുടുംബങ്ങള്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വവും സമാധാനവും സ്വപ്നം കണ്ട് ഉറങ്ങാം. ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ലൈഫ് ഭവന പദ്ധതിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെയാണ് 9 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി പൂക്കോട്ടുവാരിയം വീട്ടില്‍ പി ഈച്ചരന്‍കുട്ടി വാരിയരുടെ മകള്‍ ബേബി ഉഷ ആണ് ഭവനരഹിതര്‍ക്ക് വീട് വെച്ച് നല്‍കാനായി 30 സെന്റ് സ്ഥലം വിട്ടുനല്‍കിയത്.

പാലക്കാട്, ചുനങ്ങാട്, എംഎസ്‌വിഎംയുപി സ്‌കൂളിലെ പ്രധാനധ്യാപികയായ ബേബി ഉഷ വാടക വീടുകള്‍ മാറി മാറി കഴിയേണ്ടി വരുന്ന തന്റെ വിദ്യാര്‍ത്ഥികളുടെ ദുരിതം മനസിലാക്കിയാണ് ഉദ്യമത്തിന്റെ ഭാഗമായത്. സ്വന്തമായി ലഭിച്ച കുടുംബ വിഹിതത്തില്‍ നിന്ന് 3 സെന്റ് വീതമാണ് ഓരോ കുടുംബങ്ങള്‍ക്ക് നല്‍കിയത്.

പുത്തൂര്‍, മരോട്ടിച്ചാല്‍ എയുപിഎസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് ഭൂമിയുടെ ആധാരം റവന്യൂമന്ത്രി കെ രാജന് ബേബി ഉഷ കൈമാറി. എല്ലാവര്‍ക്കും ഭൂമി എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിനൊപ്പം നിന്ന ബേബി ഉഷ കേരള സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഉദ്യമത്തിന് പങ്കാളികളാകുന്ന സുമനസുകളെ പ്രത്യേക വേദിയില്‍ ആദരിക്കുമെന്നും മന്ത്രി അറിയിച്ചു. 3 കുടുംബങ്ങള്‍ക്കുള്ള ആധാരം ചടങ്ങില്‍ വെച്ച് മന്ത്രി കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

ഭൂരഹിതര്‍ക്ക് വീട് ഉറപ്പാക്കുന്ന സര്‍ക്കാര്‍ ക്യാമ്പയിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ഉഷ ടീച്ചര്‍ ഈ ഉദ്യമം സുമനസുകള്‍ക്ക് പ്രചോദനമാകട്ടെ എന്ന പ്രതീക്ഷയും പങ്കുവെയ്ക്കുന്നു. ഇതിന് മുന്‍പ് പുത്തൂര്‍ പഞ്ചായത്തിലെ 97-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിനായി 3 സെന്റ് സ്ഥലം സൗജന്യമായി ബേബി ഉഷ രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നു. എം വി ബാലകൃഷ്ണന്‍ ആണ് ഭര്‍ത്താവ്. ഡിഗ്രി വിദ്യാര്‍ത്ഥിയായ മകന്‍ ശ്രീകേഷ്.