പോർക്കുളം പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി സബ്മേഴിസിബിൾ പമ്പ് സ്ഥാപിച്ചു. കേരള സർക്കാർ റീബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയുടെ ധനസഹായത്തോടെയാണ് പോർക്കുളം പഞ്ചായത്തിൽപ്പെട്ട മങ്ങാട് കോട്ടിയാട്ട് കോൾപടവ് പാടശേഖരത്തിൽ 50 എച്ച് പി സബ് മേഴിസിബിൾ പമ്പ് സ്ഥാപിച്ചത്.
കൃഷി കഴിഞ്ഞ് പമ്പ് എടുത്തു മാറ്റേണ്ടതില്ല എന്നതാണ് സബ്മേഴിസിബിൾ പമ്പിൻ്റെ പ്രത്യേകത. മുൻപ് ഉപയോഗിച്ചിരുന്ന പെട്ടിപറയേക്കാൾ ചിലവ് കുറവാണ് എന്നുള്ളതിനാൽ കർഷകർക്ക് കൂടുതൽ പ്രയോജനപ്പെടും. കുറഞ്ഞ വൈദ്യുതചാർജ്, വെള്ളം ഉൾക്കൊള്ളുന്നതിനുള്ള കാര്യക്ഷമത എന്നിവ കർഷകർക്ക് ഗുണകരമാകും.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ – പൊന്നാനി കോൾ പടവുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 250 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ച്ചർ വികസനം അനുവദിച്ചതിന്റെ ഭാഗമായാണ് പമ്പ് സ്ഥാപിച്ചത്.
സബ്മേഴിസിബിൾ പമ്പിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് രാമകൃഷ്ണൻ നിർവഹിച്ചു. കൃഷി ഓഫീസർ സി ആർ രാഗേഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് ജിഷ ശശി അധ്യക്ഷത വഹിച്ച പഞ്ചായത്ത് അംഗങ്ങളായ രജനി പ്രേമൻ, പി ജെ ജ്യോതിസ്, പഞ്ചായത്ത് അംഗങ്ങൾ, പാടശേഖര ഭാരവാഹികൾ, കർഷകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.