വികസന കാര്യങ്ങളില്‍ കക്ഷി രാഷ്ട്രീയം കലര്‍ത്താതിരിക്കുന്നതാണ് നാടിന് അഭിവൃദ്ധിയെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ജനപ്രതിനിധികള്‍ ഉണ്ടാകണം. ഹൈബി ഈഡന്‍ അത്തരത്തിലുള്ള ഒരു ജനപ്രതിനിധിയാണെന്നും സ്പീക്കര്‍ പറഞ്ഞു. ഹൈബി ഈഡന്‍ എം.പിയുടെ തണല്‍ ഭവന പദ്ധതിയിലെ നാലു വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ചെല്ലാനത്തെ പുനരു ജ്ജീവിക്കുന്നതിന്റെ ഭാഗമായി ഹൈബി ഈഡന്‍ എം.പി ആരംഭിച്ച പദ്ധതിയാണ് റീ ബില്‍ഡ് ചെല്ലാനം. പദ്ധതിയുടെ ഭാഗമായി ചെല്ലാനത്ത് 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഹൈബി ഈഡന്‍ എം.പി പ്രഖ്യാപിച്ചിരുന്നു. അതില്‍ ആറു വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീയാക്കി കൈമാറിയിരുന്നു. ബാക്കി നാലു വീടുകളുടെ താക്കോല്‍ ദാനമാണ് എറണാകുളം സെന്റ് തെരെസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ നിര്‍വഹിച്ചത്.

ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനാണ് 10 വീടുകളുടെയും പകുതി തുക അനുവദിച്ചത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ബീച്ച് സൈഡ്, കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍, ഇന്തോനേഷ്യന്‍ കേരള സമാജം എന്നിവരാണ് നാലു വീടുകളുടെ പകുതി തുക സ്‌പോണ്‍സര്‍ ചെയ്തത്.

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. ഇതോടെ തണല്‍ ഭവന പദ്ധതി പ്രകാരം 101 വീടുകള്‍ ആയെന്നും അദ്ദേഹം പറഞ്ഞു.