ദുരന്തനിവാരണ സാക്ഷരത കൈവരിക്കാന്‍ സ്‌കൂള്‍ ഡി.എം ക്ലബുകള്‍ സഹായിക്കുമെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരകരാവാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണത്തിന്റെ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ സ്‌കൂള്‍ ഡി.എം ക്ലബുകള്‍ക്ക് സാധിക്കും. ദുരന്തനിവാരണത്തിന് മാതൃകയായി ഇങ്ങനെയൊരു പദ്ധതി തുടങ്ങാന്‍ നേതൃത്വം നല്‍കിയ ജില്ലാ ഭരണകൂടം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് വായിച്ചു. ടി. സിദ്ദീഖ് എം.എല്‍.എ ഓണ്‍ലൈനായി ആശംസ അറിയിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഡി.എം ക്ലബിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഡി.എം ക്ലബിന്റെ വെബ് പോര്‍ട്ടല്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് പ്രകാശനം ചെയ്തു. ഡി.എം ക്ലബിന്റെ യൂണിഫോം പ്രകാശനം കേരള ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ ശേഖര്‍ എല്‍ കുര്യാക്കോസ് നിര്‍വഹിച്ചു. ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള കൈപുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ ക്ലബ് അംഗങ്ങള്‍ക്കുള്ള ഫസ്റ്റ് എയിഡ് കിറ്റിന്റെ വിതരണം ജില്ലാ കളക്ടര്‍ എ. ഗീതക്ക് നല്‍കി നിര്‍വഹിച്ചു.