സ്ത്രീകളെ ബലി കൊടുത്ത സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിശ്വാസാന്ധതകൾ മൂലമുള്ള ക്രൂരതയിൽ സ്ത്രീകളാണ് ഇരകളാക്കപ്പെട്ടിരിക്കുന്നതെന്നത് കേരളം ജാഗ്രതയോടെ കാണണം – പത്തനംതിട്ട തിരുവല്ലയിലെ  നരബലി സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജന്തുബലി പോലും സംസ്‌കാര വിരുദ്ധമാണെന്നാണ് നവോത്ഥാന നായികാനായകന്മാർ പഠിപ്പിച്ചത്. ഐശ്വര്യവും സമൃദ്ധിയും നേടാൻ കുറുക്കുവഴികളില്ല. വിദ്യകൊണ്ടും സംഘടിച്ചു ശക്തി നേടിയും ആർജ്ജിക്കേണ്ടതാണ് ഐശ്വര്യവും സമൃദ്ധിയും. ഇതാണ് യഥാർത്ഥ ആചാര്യന്മാർ പറഞ്ഞു തന്നിട്ടുള്ളത്. എന്നാൽ, പുതിയ ആചാരക്കാർ  ചെയ്യുന്നതെല്ലാം നവോത്ഥാനാചാര്യന്മാർക്കുള്ള അള്ളു വെപ്പാണ്. അത് തെളിയിക്കുന്നതാണ് നരബലി പോലുള്ള സംഭവം.

ആധുനിക കേരളം കെട്ടിപ്പടുക്കാൻ ഇത്തരം വികല മനസ്‌കരെ നിലയ്ക്കു നിർത്തണം. നിസ്വരും നിരാലംബരുമായ പാവം മനുഷ്യരെ പ്രാകൃതത്വങ്ങളെ തുണയായിക്കാണാൻ പ്രേരിപ്പിക്കുന്ന ഇത്തരക്കാരോട് ഒരു മനസിളവും  കാണിക്കരുതെന്നും  മന്ത്രി  പറഞ്ഞു.