കോട്ടയം: മറവൻതുരുത്ത് ആർട്ട് സ്ട്രീറ്റ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ കൂട്ടുമ്മേൽ മുതൽ മൂഴിക്കൽ വരെയാണ് പദ്ധതി നടപ്പാക്കുന്നത്.യുവജന കൂട്ടായ്മ ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡൽഹിയടക്കം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അൻപതോളം കലാകാരന്മാരാണ് പ്രതിഫലം പോലും വാങ്ങാതെ പ്രദേശത്തെ വീടുകളുടെ ചുറ്റുമതിലുകളിൽ മനോഹര ചിത്രങ്ങൾ വരയ്ക്കുന്നത്. മതിലുകൾ വൃത്തിയാക്കി വെള്ളപൂശുന്ന ചെലവും ചിത്രങ്ങൾ വരക്കുന്നതിനാവശ്യമായ ചായങ്ങൾ വാങ്ങുന്ന ചെലവും മാത്രമാണ് വീട്ടുകാർക്ക് വഹിക്കേണ്ടി വരുന്നത്. മതിലുകൾ വൃത്തിയാക്കിയും വെള്ളപൂശിയും നൽകി നാട്ടുകാരും പദ്ധതിക്ക് പൂർണ പിന്തുണ നൽകുന്നതോടെ കൂട്ടുമ്മേൽ എൽ.പി സ്‌കൂൾ മുതൽ കടൂക്കര വായനശാല വരെയുള്ള ഭാഗത്തെ വീടുകളുടെ മതിലുകളിൽ ഇതിനോടകം മനോഹര ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

കഥകളി, ആറ്റുവേല, ഗരുഡൻ തൂക്കം, തൂക്കചാട്, തെയ്യം, ബഷീർ കൃതിയായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങൾ, പക്ഷിമൃഗാദികൾ, പരമ്പരാഗത തൊഴിലായ കള്ള് ചെത്ത്, ഓല മടയൽ, വലവീശൽ തുടങ്ങി മറവന്തുരുത്തിന്റെ ചരിത്രവും ഉത്സവങ്ങളും കലകളും വിളിച്ചോതുന്ന നിരവധി ചിത്രങ്ങളാണ് ആർട്ട് സ്ട്രീറ്റിൽ ഒരുക്കിയിരിക്കുന്നത്. മൂന്നാം ഘട്ടം കൊണ്ട് പദ്ധതി പൂർത്തിയാകാനാണ് തീരുമാനം. പദ്ധതി പൂർത്തിയാക്കുന്നതോടെ കൂടുതൽ വിനോദ സഞ്ചരികളെ മറവൻതുരുത്തിലേക്ക് ആകർഷിക്കാനും അതുവഴി ഗ്രാമീണ ടൂറിസം വികസനത്തിനും ആർട്ട് സ്ട്രീറ്റ് വഴിവെക്കും എന്നാണ് പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും പ്രതീക്ഷിക്കുന്നത്.