ജില്ലയിലെ വിനോദ സഞ്ചാര പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലയിലെ വിനോദ സഞ്ചാര പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ 22 വിനോദ സഞ്ചാര പദ്ധതികളുടെ പ്രവർത്തികളാണ് അവലോകനം ചെയ്തത്. പ്രവർത്തികൾ വിലയിരുത്തി ജോയിന്റ് ഡയറക്ടർ തലത്തിൽ റിപ്പോർട്ട് തയ്യാറാക്കി മന്ത്രിക്കും ടൂറിസം ഡയറക്ടർക്കും റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

പദ്ധതികൾ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പൂർത്തീകരിക്കണം. വിനോദ സഞ്ചാര പരിപാലനം, ക്ലീനിങ് എന്നിവ ശരിയായ രീതിയിൽ നടക്കുന്നുണ്ടോയെന്ന്‌ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശിച്ചു. ജില്ലയിലെ റദ്ദാക്കിയ പദ്ധതികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡിടിപിസി സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡോ .എൻ തേജ് ലോഹിത് റെഡ്ഢി, ടൂറിസം വകുപ്പ് ഡയറക്ടർ, പി ബി നൂഹ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.