കോതമംഗലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു
പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോതമംഗലം കറുകടത്തെ പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലൂടെ മാത്രമേ പട്ടിക വര്‍ഗമുള്‍പ്പെടെയുള്ള പിന്നാക്ക സമൂഹത്തെ മുഖ്യധാരയിലേക്ക് നയിക്കാന്‍ കഴിയൂ. പട്ടികവര്‍ഗ സമൂഹത്തിനു വിവിധ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കുന്ന സഹായങ്ങളാണ് ആ വിഭാഗത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ഫലപ്രദമായി പ്രയോജനപ്പെടുന്നത്.
കോതമംഗലത്തേത് ഉള്‍പ്പെടെ എറണാകുളം ജില്ലയില്‍ രണ്ട് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളാണ് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നത വിദ്യാഭ്യാസ മേഖലയിലും പിന്നാക്ക സമൂഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹോസ്റ്റലുകള്‍ ഒരുക്കുന്നത്. ഇത്തരം സൗകര്യങ്ങളെ പരമാവധി പ്രയോജപ്പെടുത്തി മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണം. രക്ഷിതാക്കള്‍ അവര്‍ക്കുവേണ്ട പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ കറുകടത്തിന് സമീപമുള്ള കെട്ടിടത്തിലാണ് 40 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹോസ്റ്റല്‍. കോതമംഗലം, മൂവാറ്റുപുഴ മേഖലയിലെ മുപ്പതോളം പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനും പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനും പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഹോസ്റ്റല്‍ ഏറെ പ്രയോജനം ചെയ്യും.
ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് കെട്ടിടം വാടകയ്ക്ക് വിട്ടുനല്‍കിയ ഏലിയാസിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഹോസ്റ്റല്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലിം, കോതമംഗലം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന്‍, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, എഫ്.ഐ.ടി ചെയര്‍മാന്‍ ആര്‍.അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബബിത മത്തായി, പട്ടികവര്‍ഗ ഉപദേശക സമിതി അംഗങ്ങളായ ഇന്ദിരക്കുട്ടി രാജു, പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കൃഷ്ണ പ്രകാശ്, ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ (ഇടുക്കി) ജി. അനില്‍ കുമാര്‍, മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.