ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ അവലോകന യോഗം ചേർന്നു
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വാടനപ്പിള്ളി – ഏങ്ങണ്ടിയൂർ കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിന് കിഫ്ബിയുടെ അപ്രൂവൽ ലഭ്യമാക്കുന്നതിനാവശ്യമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. പ്രവർത്തനത്തിലെ കാലതാമസത്തിൽ എംഎൽഎ പ്രതിഷേധം രേഖപ്പെടുത്തി.
കരുവന്നൂർ കുടിവെള്ള പദ്ധതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ഒരുമനയൂർ കടപ്പുറം പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഗുരുവായൂർ, ചാവക്കാട് നഗരസഭ അധികൃതർക്കും ഗുരുവായൂർ ദേവസ്വത്തിനും കത്ത് നൽകാൻ യോഗം തീരുമാനിച്ചു. ഒരുമനയൂർ പഞ്ചായത്തിലേക്ക് എൻ എച്ചിൽ നിന്ന് ലഭ്യമാകുന്ന നഷ്ട പരിഹാര തുക ഉപയോഗിച്ച് പൊതു കിണർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കാൻ വാട്ടർ അതോറിറ്റി അസി.എക്സി.എഞ്ചിനീയറെ ചുമതലപ്പെത്തി.
അനധികൃതമായി വെള്ളം ഊറ്റുന്ന പ്രക്രിയ കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ വാട്ടർ അതോറിറ്റി അധികൃതരെ ചുമതലപ്പെടുത്തി.ജൽ ജീവൻമിഷന്റെയും , അമൃത് പദ്ധതിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ എംഎൽഎ നിർദേശം നൽകി. കൂടാതെ ജൽ ജീവൻപദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ എത്രയും പെട്ടെന്ന് ടാദിങ്ങ് നടത്തണമെന്നും കൂടുതൽ വെള്ളം കൂടുതൽ പൈപ്പുകളിലേക്ക് എത്തിക്കാൻ വേണ്ട പ്രവർത്തികൾ നടപ്പാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രവർത്തികൾ കാര്യക്ഷമമാക്കുന്നതിന് കരാറുകൾ, വാട്ടർ അതോറിറ്റി എ ഇ, പഞ്ചായത്ത് എ ഇ, പിഡബ്ലിയുഡി എ ഇ എന്നിവരെ ഉൾപ്പെടുത്തി കൂടിയാലോചനയോഗം വിളിക്കാനും എം എൽ എ നിർദ്ദേശിച്ചു. മാസത്തിൽ ഒരിക്കൽ ജൽ ജീവൻ മിഷൻ പദ്ധതികളുടെ അവലോകന യോഗം വിളിക്കാനും തീരുമാനിച്ചു.
ചാവക്കാട് നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈ.ചെയ്ർമാൻ കെ കെ മുബാറക്, പഞ്ചായത്ത് പ്രസിഡന്റ്മാരായ , ടി വി സുരേന്ദ്രൻ , ജാസ്മിൻ ഷെഹീർ , വിസി ഷാഹിബാൻ , ഹസീന താജുദ്ദീൻ, കേരള വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് . എഞ്ചിനീയർ കെ പി പ്രസാദ്,പിഎച്ച് തൃശൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ എൻ സുരേന്ദ്രൻ , നാട്ടിക എഇഇ എച്ച് ജെ നീലിമ, ചാവക്കാട് നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, പഞ്ചായത്ത് സെക്രട്ടറിമാർ , വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, കെ എസ് ഇ ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.