മുതലമടയുടെ മാമ്പഴപെരുമയും വയനാടൻ തോട്ടങ്ങളിൽ വിളഞ്ഞ നാടൻ പച്ചക്കറികളും വിപണി കീഴടക്കാൻ ഇനി നഗരത്തിലും. കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ്പ് തൃശൂരിൽ ആരംഭിച്ച പ്രീമിയം നാടൻ വെജ് ആന്റ് ഫ്രൂട്ട് സ്റ്റാൾ വഴി ഈ കാർഷിക വിഭവങ്ങൾ ഇനി ആവശ്യക്കാരിലെത്തും.

നാടൻ പഴം, പച്ചക്കറികൾക്കായുള്ള ജില്ലയിലെ ഹോർട്ടികോർപ്പിന്റെ ആദ്യത്തെ സ്റ്റാളാണിത്. പതിനാല് ജില്ലകളിലെയും കർഷകരിൽ നിന്ന് ഉയർന്ന വില നൽകി സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും സ്റ്റാളിൽ നിന്ന് ന്യായവിലയ്ക്ക് ലഭിക്കും.

സേക്രട്ട് ഹാർട്ട് സ്കൂളിന് സമീപം മൈലിപ്പാടത്ത് പ്രവർത്തനം ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ എം എൽ എ നിർവഹിച്ചു.

വിവിധയിനം നാടൻ വാഴപ്പഴങ്ങൾക്കൊപ്പം കൈതചക്ക, ഓറഞ്ച്, പപ്പായ, തണ്ണിമത്തൻ, സീതപ്പഴം, നെല്ലിക്ക തുടങ്ങിയ ഫലവർഗങ്ങൾ സ്റ്റാളിൽ ഉണ്ട്. വിവിധയിനം നാടൻ പയറു വർഗങ്ങൾ, ചേന, ചേമ്പ് തുടങ്ങി കിഴങ്ങു വർഗങ്ങൾ, വെള്ളരി, കുമ്പളം, പാവക്ക, ക്യാരറ്റ്, കാബേജ്, കോളിഫ്‌ളവർ എന്നിവയും സ്റ്റാളിൽ വില്പനയ്ക്കുണ്ട്.

കാർഷിക വിഭവങ്ങൾക്ക് പുറമെ ഹോർട്ടികോർപ്പിന്റെ അംഗീകാരമുള്ള തേൻ, മറയൂർ ശർക്കര, സർക്കാർ ഉത്പന്നമായ കുട്ടനാട് മട്ടഅരി, വെച്ചൂർ മട്ടഅരി, കൊടുമൺ അരി, കാർഷിക സർവ്വകലാശാല അംഗീകാരമുള്ള കൈപ്പാട് ജൈവ അരി, അവൽ, പുട്ടുപൊടി, പത്തിരി പൊടി എന്നീ ഇനങ്ങളും ഇവിടെ ലഭ്യമാണ്.

ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന് കീഴിലെ സ്റ്റാർട്ടപ്പ് കമ്പനിയുടെ വിവിധ സുഗന്ധ വ്യഞ്ജനങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലെ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്ത പഴങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. അതത് ദിവസത്തേയ്ക്കുള്ള പഴങ്ങളും പച്ചക്കറികളുമാണ് സംഭരിക്കുന്നത്. മാർക്കറ്റ് വിലയേക്കാൾ 30% കൂടുതൽ കർഷകർക്ക് നൽകിയാണ് വിഭവങ്ങൾ ശേഖരിക്കുന്നത്. സ്റ്റാളിൽ ലഭ്യമാകുന്ന ഇനങ്ങളുടെ വില നിലവാരവും ഓഫറുകളും അറിയുന്നതിന് വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. അഞ്ച്, പത്ത് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സംവിധാനം ഒരുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കസ്റ്റമർ കെയർ നമ്പർ: 9846533747. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ സ്റ്റാൾ പ്രവർത്തിക്കും.

കൗൺസിലർ റെജി ജോയ്, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ.എസ് വേണുഗോപാൽ, മാനേജിംഗ് ഡയറക്ടർ ജെ സജീവ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ കെ സിനിയ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.