കേന്ദ്ര, കേരള സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പിഎഫ്എംഎസ് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ ജനങ്ങൾക്ക് സ്വന്തം പേരെഴുതാൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മിഷൻ ഇന്ന് ജീവിതഗതിയെ ബാധിക്കുന്ന തലത്തിലേക്ക് മാറിക്കഴിഞ്ഞെന്നും മിഷന് പുതിയ ദിശാബോധം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പരിശീലനപരിപാടിയിൽ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) എന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്കീം നിരീക്ഷണ സംവിധാനത്തെ കുറിച്ച് പിഎഫ്എംഎസ് പേ ആൻഡ് അക്കൗണ്ട് ഓഫീസർ എ രാജേഷ്, പ്രൊജക്ടർ അസിസ്റ്റന്റ് ശ്യാം പ്രസാദ്, ഓപ്പറേഷൻ അസിസ്റ്റന്റ് അനൂപ് എന്നിവർ വിശദീകരിച്ചു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ ഒക്ടോ. 8 മുതൽ സര്‍വ്വേ നടന്നുവരുന്നുണ്ട്. 2022-23 മുതല്‍ 2026-27 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കുന്നത്. പഠന ലിഖ്ന അഭിയൻ പദ്ധതി പ്രകാരം കണ്ടെത്തിയ 15 വയസിന് മുകളില്‍ പ്രായമുള്ള 85,000 നിരക്ഷരരെ സാക്ഷരരാക്കും. സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റ് പിന്നോക്ക വിഭാഗം, ചേരി / തീരദേശ നിവാസികള്‍, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങൾ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ നിന്നും 8000 പേരെ ഈ കാലയളവില്‍ സാക്ഷരരാക്കും .

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ബി വല്ലഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ ജി തിലകൻ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ്, പ്രൊജക്റ്റ് കോർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.