ആണിനും പെണ്ണിനും ട്രാൻസ്‌ജെൻഡറിനും തുല്യ അവകാശങ്ങളുള്ള സമഭാവനയുടെ നവകേരളം കെട്ടിപ്പടുക്കുമ്പോൾ തൊഴിൽ രംഗത്തെ സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കലിന് അതീവ പ്രാധാന്യമുണ്ടെന്ന് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ‘സ്ത്രീ സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും സംസ്ഥാനം കൈവരിച്ച നേട്ടത്തിന്റെ ആനുപാതിക പ്രാതിനിധ്യം തൊഴിൽ രംഗത്ത് സ്ത്രീകൾക്കില്ല. വ്യക്തി ജീവിതം, സ്ത്രീ ജീവിതം, കുടുംബ ജീവിതം എന്നിവ ഭംഗിയായി നിർവഹിക്കാൻ കഴിവുള്ളവരാണ് സ്ത്രീകൾ. അത് അവരെ ബോധ്യപ്പെടുത്തേണ്ടതും അതിനുതകുന്ന രീതിയിൽ പിന്തുണ ലഭ്യമാക്കേണ്ടതുമുണ്ട്, ‘ കേരള നോളജ് ഇക്കോണമി മിഷൻ (കെ.കെ.ഇ.എം) സംഘടിപ്പിച്ച ‘ജന്റർ ഇൻ ലേബർ’ എന്ന സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ടീച്ചർ, നഴ്‌സ് പോലുള്ള പരമ്പരാഗത തൊഴിൽ മേഖലകൾക്കപ്പുറം നവവൈജ്ഞാനിക തൊഴിൽ മേഖലകളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പുതിയ തൊഴിൽ മേഖലകളിൽ സ്ത്രീകൾ കുറവാണ്. നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം കേരള സമൂഹം മൊത്തം മനസ്സിലാക്കേണ്ടതുണ്ട്. സാമ്പ്രദായിക കോഴ്‌സുകൾക്ക് പകരം പ്രയോഗാധിഷ്ഠിത കോഴ്‌സുകൾക്ക് ഊന്നൽ നൽകണം. സംരംഭകത്വ ശേഷിയുള്ള ധാരാളം സ്ത്രീകളുണ്ട്. അവർക്ക് ദിശാബോധം നൽകി തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തിന് ആക്കം കൂട്ടണം, മന്ത്രി ബിന്ദു പറഞ്ഞു.

നവീന ആശയത്തിൽ നിന്ന് സംരംഭകത്വം കെട്ടിപ്പടുത്ത, അമ്മൂമ്മ തിരി, വിത്ത് പെൻ, ചേക്കുട്ടി പാവകൾ എന്നിവ യാഥാർഥ്യമാക്കിയ ലക്ഷ്മി എൻ.  മേനോന്റെ അനുഭവകഥ മന്ത്രി വിശദീകരിച്ചു. ‘മാൻഹോളുകൾ വൃത്തിയാക്കുന്ന ബന്റികൂട്ട് റോബോട്ട് നിർമ്മിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സംരംഭം ഇന്ന് 200 കോടിയുടെ വ്യവസായമായി വളർന്നു. ഈ വിധം ഉന്നത വിദ്യാഭ്യാസത്തെ പ്രയോഗാധിഷ്ഠിതമാക്കാൻ സ്ത്രീക്കും പുരുഷനും ഒരുപോലെ സാധിക്കണം. , ‘ മന്ത്രി പറഞ്ഞു.

2026 ആകുമ്പോഴേക്കും 20 ലക്ഷം തൊഴിൽ യാഥാർഥ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. അസാപ് നടത്തുന്ന 133 തൊഴിൽ നൈപുണ്യ കോഴ്‌സുകൾ, കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ, പോളിടെക്‌നിക്കുകളിൽ വ്യവസായ യൂനിറ്റുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ലേഷനൽ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ വിജ്ഞാനത്തെ തൊഴിലുമായി ബന്ധപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളാണ്.  കെ.കെ.ഇ.എം ഡയറക്ടർ ഡോ. പി.എസ് ശ്രീകല അധ്യക്ഷത വഹിച്ചു.