കോട്ടയം: കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ചെറുകിട സംരംഭങ്ങളുടെ ഉത്പന്ന പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. 2022-23 സംരംഭക വർഷാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിപണിയിലെ പുത്തൻ ട്രെന്റുകൾക്കനുസൃതമായി ജില്ലയിലെ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയാണ് സംഘടിപ്പിക്കുന്നത്. സംരംഭകർ ഉത്പന്നങ്ങളുമായി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാളുകൾക്ക് ഉണ്ട്.

വിൽപനയ്ക്കും പ്രദർശനത്തിനുമായി പതിനഞ്ചോളം സ്റ്റാളുകളാണ് വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. ഹോം മെയ്ഡ് അച്ചാറുകൾ, കത്തികൾ, ബാഗുകൾ, തുണിയും പേപ്പറും ഉപയോഗിച്ച് നിർമിക്കുന്ന സഞ്ചികൾ, ഭക്ഷ്യോത്പ്പന്നങ്ങൾ, ഇലക്ട്രോണിക്, കരകൗശല വസ്തുക്കൾ തുടങ്ങി ജില്ലയിലെ സംരംഭകരുടെ ഉത്പാദന വിപണന മികവ് എടുത്ത് കാണിക്കുന്നതായി മേള മാറി കഴിഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, കെ.വി ബിന്ദു, കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷമീം അഹമ്മദ്, വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം സുരേഷ് ജേക്കബ് എന്നിവർ പങ്കെടുത്തു.