‘കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്'(സി.ഡി.റ്റി.പി) എന്ന പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ ആരംഭിച്ച സൗജന്യ കോഴ്‌സുകളുടെ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. നിലവില്‍ ഡാറ്റാ എന്‍ട്രി, ഫാഷന്‍ ഡിസൈനിങ് എന്നീ കോഴ്‌സുകളിലേയ്ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 21നുള്ളില്‍ സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സി.ഡി.റ്റി.പി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പട്ടികജാതി / പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍, പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍, സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍, ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് അനൗപചാരിക നൈപുണ്യ വികസന പരിശീലനം നല്‍കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭാരത സര്‍ക്കാരിന് കീഴിലെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.