കയർ വികസന വകുപ്പും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പരമ്പരാഗത ജല സ്രോതസുകൾ, മണ്ണ് എന്നിവയുടെ സംരക്ഷണത്തിനും കാർഷിക ഉത്പ്പാദനം വർധിപ്പിക്കാനും ഊന്നൽ നൽകുന്ന കർമ്മ പദ്ധതി തയാറാക്കുന്നു. പദ്ധതി പ്രകാരം കൂടുതൽ തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ നീർത്തടസംരക്ഷണത്തിന് ഉപയോഗിക്കും.
നീർച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും അതിരുകൾ കയർ ഭൂവസ്ത്രം വിരിക്കും. കാർഷിക മേഖലയെ ലക്ഷ്യംവെച്ചുള്ള കർമ്മപദ്ധതി പ്രകാരം നെല്ല്, പച്ചക്കറി എന്നിവയുടെ കൃഷിയ്ക്കായി തൊഴിലുറപ്പ് ജോലിക്കാർ നിലമൊരുക്കും.
പദ്ധതിയുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫെസിലേറ്റർമാർക്കും ജീവനക്കാർക്കും തൊഴിലുറപ്പ് പദ്ധതികളെ കുറിച്ച് പരിശീലന കളരി സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജയിംസ് പുതുമന എന്നിവർ പങ്കെടുത്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ.: സി. മഹേഷ്, എക്സ്റ്റൻഷൻ ഓഫീസർമാരായ അനോയി വി. നായർ, തോമസ് തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ ആദ്യദിനം തൊഴിലുറപ്പ് പദ്ധതി ഫെസിലറ്റേറ്റർമാരും രണ്ടാം ദിനം തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർമാർ, ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ എന്നിവരും പങ്കെടുത്തു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും സംസ്ഥാന കയർ വികസന വകുപ്പ് പ്രോജക്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ കയർ ഭൂവസ്ത്ര വിതാനം എന്ന വിഷയത്തിൽ ബ്ലോക്ക് തല സെമിനാർ സംഘടിപ്പിച്ചു. തൊഴിലുറപ്പും കയർ ഭൂവസ്ത്ര വിതാന സാധ്യതകളും എന്ന വിഷയത്തിൽ കയർ കോർപറേഷൻ ഉദ്യോഗസ്ഥർ ക്ലാസ് സംഘടിപ്പിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എൻ. സുജിത്ത് പദ്ധതി വിശദീകരണം നടത്തി. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംലബീഗം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സതി സുരേന്ദ്രൻ, സജി നീലത്തുമുക്കിൽ, വൈക്കം കയർ പ്രോജക്ട് ഓഫീസർ സ്മിത ജേക്കബ്, കയർ കോർപറേഷൻ ജീവനക്കാരായ അശ്വിൻ, ഗോപകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, തൊഴിലുറപ്പ് ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.