‘നങ്ക അങ്ങാടി’ കാട്ടുനായ്ക്ക ഭാഷയില്‍ ഞങ്ങളുടെ അങ്ങാടി എന്നാണ് അര്‍ത്ഥം. ഇത് അവരുടെ അങ്ങാടിയാണ് ജില്ലയിലെ ആദിവാസി ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി അവരുടെ ഊരുകളിലേക്ക് കടന്നു വന്ന അങ്ങാടി. ജില്ലയില്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ ആദിവാസി ഊരുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു വിതരണം ചെയ്യാന്‍ ഊരു നിവാസികള്‍ ശ്രമം നടത്തിയിരുന്നു. ആ ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി വയനാട് കുടുംബശ്രീ മിഷന്‍ കൂടെ അണിചേര്‍ന്നപ്പോള്‍ നങ്ക അങ്ങാടികള്‍ എന്ന ഊരു നിവാസികളുടെ സ്വപ്നം യാഥാര്‍ത്യമാകുകയായിരുന്നു. കുടുംബശ്രീ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഓരോ ആദിവാസി ഊരുകളിലും അവര്‍ക്ക് ആവശ്യമായ വീട്ടുപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് നങ്ക അങ്ങാടികള്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. ആദ്യഘട്ടത്തില്‍ ടൗണില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ കുടുംബശ്രീ അധികൃതരുടെ സഹായത്തോടെ ഊരു നിവാസികള്‍ കടകളില്‍ എത്തിച്ചു വിതരണം ചെയ്യാന്‍ തുടങ്ങി. ഊരു നിവാസികളിലുള്ള ഒരാള്‍ക്ക് കടയുടെ ചുമതല നല്‍കി. അങ്ങനെ അത് അവരുടെ അങ്ങാടിയായ് മാറി ”നങ്ക അങ്ങാടി”.
തിരുനെല്ലി പഞ്ചായത്തിലെ ഒരു ഊരില്‍ നിന്നും തുടങ്ങിയ നങ്ക അങ്ങാടിയുടെ യാത്ര ഇന്ന് ജില്ലയിലെ വിവിധ ഊരുകളിലൂടെ പര്യടനം നടത്തുകയാണ്. ജില്ലയില്‍ അറുപതോളം നങ്ക അങ്ങാടികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ 20 ഊരുകളിലാണ് നങ്ക അങ്ങാടി പ്രവര്‍ത്തിക്കുന്നത്. ഊരു നിവാസികള്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുകയാണ് നങ്ക അങ്ങാടികളുടെ ലക്ഷ്യം. നിലവില്‍ തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന നങ്ക അങ്ങാടികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പൊതുമാര്‍ക്കറ്റില്‍ നിന്നും മിതമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കി കടകളിലൂടെ ഊരു നിവാസികള്‍ക്ക് വിതരണം ചെയ്യുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നല്‍കുന്ന ലോണ്‍ മുഖേനയാണ് നങ്ക അങ്ങാടികള്‍ തുടങ്ങാന്‍ അവസരം ഒരുക്കുന്നത്. ഒരു കടയ്ക്ക് 30,000 രൂപയാണ് ലോണ്‍ അനുവദിക്കുന്നത്. ആഴ്ച്ച തോറും 500 രൂപ കടയുടമകള്‍ തിരിച്ചടക്കണം. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്കാണ് ഭൂരിഭാഗം നങ്ക അങ്ങാടികളുടെയും ചുമതല. അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സംവിധാനമെന്നതിലുപരി നങ്ക അങ്ങാടികള്‍ ഊരു നിവാസികള്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.