കോട്ടയം നഗരസഭയിലും പനച്ചിക്കാട് പഞ്ചായത്തിലും കിഫ്ബി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തികൾ ജലഅതോറിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ആരംഭിച്ചതായും രണ്ടാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്നും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ദേവലോകം, മുട്ടമ്പലം, ഈരയിൽ കടവ് റോഡ് എന്നിവിടങ്ങളിലെ ജല അതോറിറ്റി പ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
50 കോടി രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തീകരിച്ചെങ്കിലും റോഡുകൾ പൂർവസ്ഥിതിയിലാക്കിയില്ലെന്ന പരാതികളുണ്ടായി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുകയാണ് സർക്കാർ നിലപാട്. കാലാവസ്ഥ പ്രതികൂലമാകും മുമ്പ് റോഡ് പുനരുദ്ധരിക്കും. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കും. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് – ജലസേചന വകുപ്പുകൾ തമ്മിലുള്ള പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ട്. വകുപ്പുകൾ തമ്മിൽ പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു.
വിവിധ സ്ഥലങ്ങൾ സന്ദർശിച്ച മന്ത്രി നിർമാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തി. കഞ്ഞിക്കുഴി-കൊല്ലാട് റോഡിലെ പ്രവർത്തികൾ ഇന്നലെ ആരംഭിച്ചു. ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ വി.എം. രാജേഷ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പോൾസൺ പീറ്റർ, അസിസ്റ്റന്റ് എൻജിനീയർ എസ്. സനീഷ്, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.