ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ബ്ലോക്കുതലത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യുണിറ്റിന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ഹാളിൽ ചേർന്ന ശിൽപശാല കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം സി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾതല ലഹരിവിരുദ്ധ ക്യാമ്പയിൻ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ വെച്ചൂർ ദേവിവിലാസം സ്‌കൂളിന് സി. വിജയകുമാർ സർട്ടിഫിക്കറ്റ് കൈമാറി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാലസൗഹൃദ പഞ്ചായത്ത് ഘടന, പ്രവർത്തനം, ഇടപെടാവുന്ന മേഖലകൾ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പ്രതിനിധി കെ.ജി ശശികല വിഷയാവതരണം നടത്തി. ശിൽപശാലയോടനുബന്ധിച്ചു കൗമാരക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘വർണ്ണം’ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുതല ബാലസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബാലനീതി നിയമം, പോക്സോ നിയമം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ ഷൈലകുമാർ, ഗിരിജ പുഷ്‌കരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ് ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശീമോൻ, ജസീല നവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾഎന്നിവർ പങ്കെടുത്തു.