സംസ്ഥാനത്ത് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം – 2022 ന്റെ ഭാഗമായി 3,438 പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതായി
പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി – പട്ടികവർഗ്ഗ – പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം – 2022 സംസ്ഥാനതല സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2022 പദ്ധതികൾ നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിൽ കൂടുതൽ പദ്ധതികളിലേക്ക് എത്താൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇത് പൂർണ ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ആവശ്യമാണ്. താഴെത്തട്ടിലുള്ള വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നത് പ്രധാനമാണ്. 14 മാസത്തിനിടെ 286 വിദ്യാർത്ഥികളെ വിദേശ യൂണിവേഴ്സിറ്റികളിൽ പഠനത്തിനയക്കാൻ സാധിച്ചു. നിരവധി ആളുകൾക്ക് വിവിധ മേഖലകളിലായി തൊഴിൽ നൽകി. നടപ്പിലാക്കപ്പെടുന്ന പദ്ധതികളും ലഭിക്കുന്ന ആനുകൂല്യങ്ങളും കൃത്യമായി വിനിയോഗിക്കണം എന്നും മന്ത്രി പറഞ്ഞു.

ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ മ്യൂസിയം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യ സ്വാതന്ത്ര്യം സാമ്പത്തിക സ്വാതന്ത്യത്തിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിലൂടെയും മാത്രമേ കൈവരിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് സാമൂഹ്യ മൂലധനം നൽകി കൈത്താങ്ങാവുകയാണ് സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി “എല്ലാവരും ഉന്നതിയിലേക്ക്’ എന്ന സന്ദേശത്തിൽ അധിഷ്ഠിതമായി സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും നൂറോളം സെമിനാറുകളും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. വെബിനാറുകളും ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ ക്യാമ്പുകളും പദ്ധതി ഉദ്ഘാടനങ്ങളും, നിർമ്മാണോദ്ഘാടനങ്ങളും ഉൾപ്പെടെ നിരവധി പദ്ധതികളാണ് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.

നേട്ടങ്ങൾ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള മുഴുവൻ ജനവിഭാഗങ്ങളെയും ഉന്നതിയിലേയ്ക്ക് എത്തിക്കുന്നതിന് പൊതു സമൂഹത്തിന്റെ പിന്തുണയും കൂടിയാണ് ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, ഗോൾഡ് കോയിൻ വിതരണം, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ലോൺ വിതരണം എന്നിവയും നടന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രകുന്ന് കോളനി ഏറ്റെടുത്ത ക്ലിജോ(ഗവ. ലോ കോളേജ്, കോഴിക്കോട്) സംഘടനയ്ക്കും ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയി ശിശിര ബാബുവിനും ഇന്റർ നാഷണൽ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ അക്ഷിൻ. പി യ്ക്കും ചടങ്ങിൽ ആദരവ് നൽകി. പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം നടത്തി.

മലപ്പുറം ഡയറ്റിന്റെ അക്കാദമിക നേതൃത്വത്തിൽ മലപ്പുറം ജില്ലാ പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നിർമ്മിച്ച ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു. കോഴിക്കോട് ഗവ. ലോ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.

എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.എം സച്ചിൻ ദേവ്, അഡ്വൈസറി ബോർഡ്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് നന്ദിയും പറഞ്ഞു.