റാവു ബഹദൂർ ചിരുകണ്ടൻ ആയുർവ്വേദ ഡിസ്പൻസറിയുടെ 85 -മത് വാർഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു

കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമായ മുനിസിപ്പൽ കോർപ്പറേഷൻ റാവു ബഹദൂർ ചിരുകണ്ടൻ ആയുർവ്വേദ ഡിസ്പൻസറിക്ക് സർക്കാരിന്റെ പരിപൂർണ പിന്തുണയെന്ന് തുറമുഖ – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
ആയുർവ്വേദ ഡിസ്പൻസറിയുടെ 85 -മത് വാർഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് എന്നതുപോലെ വിദേശത്തും വലിയ സ്വാധീനമുള്ള ചികിത്സാരീതിയാണ് ആയുർവേദം.കേരളത്തിന്റെ സ്വന്തം ചികിത്സാരീതി എന്ന നിലയിലാണ് ആയുർവേദത്തെ ലോക രാഷ്ട്രങ്ങൾ നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കൊച്ചു കുട്ടികൾ ഉൾപ്പെടെ ഏതു പ്രായക്കാർക്കും ഉപയോഗിക്കാമെന്നതാണ് ആയുർവേദ ചികിത്സാ രീതിയുടെ പ്രത്യേകത.മികച്ച ആയുർവേദ ചികിത്സ നാട്ടുകാർക്ക് ലഭ്യമാക്കാൻ ഈ ഡിസ്പെൻസറിക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ്, വിവിധ സ്ഥിരം സമിതി ചെയർമാൻമാരായ ഒ.പി. ഷിജിന, പി. കെ നാസർ,സി. രേഖ, കൗൺസിലർമാരായ കെ. സി.ശോഭിത, കെ. മൊയ്തീൻ കോയ,വി.കെ. മോഹൻദാസ് ,മുഹ്സീന, പ്രസീന പണ്ടാരത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. നിമിഷ തുടങ്ങിയവർ സംസാരിച്ചു.

കൗൺസിലർ ഉഷാദേവി ടീച്ചർ സ്ഥാപനത്തിന്റെ രണ്ടാo ഘട്ട വികസനത്തിന്റെ രൂപരേഖ നിവേദനമായി മന്ത്രിയ്ക്ക് സമർപ്പിച്ചു.

ആശുപത്രി വികസന സമിതി അംഗങ്ങൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, പെയിൻ ഏന്റ് പാലിയേറ്റിവ് ജീവനക്കാർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , ഹരിത കർമ്മസേനാംഗങ്ങൾ,വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ സ്വാഗതവും ഹെൽത്ത് ഓഫീസർ ഇൻ ചാർജ് ഷജിൽ കുമാർ പി.നന്ദിയും പറഞ്ഞു.