കോഴിക്കോട് മെഡിക്കൽ കോളജിനെ കൂടുതൽ ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന നിലയിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആശുപത്രിയിലെ മെഡിക്കൽ വിഭാഗത്തിൽ നവീകരിച്ച ഏഴാം വാർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാനിനെ കുറിച്ച് ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ കെട്ടിടങ്ങളുടെ നിർമ്മാണവും നവീകരണവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നുള്ള നിർദ്ദേശം കെട്ടിട വിഭാഗത്തിന് നൽകിയിട്ടുണ്ട്. കൂടുതൽ വികസനങ്ങൾ സാധ്യമാകുന്നതോടെ ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന തരത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഡിന്റെ നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് വാർഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വാർഡിൽ 27 കിടക്കകളും അഞ്ച് ഐ.സി.യു കിടക്കകളുമുണ്ട്. ഡ്യൂട്ടി റൂമുകൾ, മെഡിസിൻ ബിരുദ -ബിരുദാനന്തര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനമുറി,
രോഗീപരിചരണത്തിന് പ്രത്യേകമായി ക്യൂബിക്കൾ, ഡിഫിബലറേറ്റർ, ഷെൽഫുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൈലുകളും വാൾടൈലുകളും മാറ്റി. ശുചിമുറികളും നവീകരിച്ചു.
ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ ജോർജ് എം തോമസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ഇ.വി ഗോപി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി സജീത്ത് കുമാർ നന്ദിയും പറഞ്ഞു.