മലബാർ ക്രാഫ്റ്റ് മേളയെ കേരള ക്രാഫ്റ്റ് മേള എന്ന നിലയിൽ വിപുലപ്പെടുത്തുമെന്ന് നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്.
ഒക്ടോബർ 2 മുതൽ കോഴിക്കോട് സ്വപ്നനഗരിയിൽ ആരംഭിച്ച മലബാർ ക്രാഫ്റ്റ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വ്യവസായ സംരംഭങ്ങൾക്ക് വലിയ സാധ്യത കേരളത്തിൽ ഉണ്ട്.
ഇത്തരം സംരംഭങ്ങൾ വിജയപ്രദമാക്കാൻ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തി മാനവവിഭവശേഷിയാണ്.ആ സാധ്യത ഉപയോഗപ്പെടുത്തി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

2022 സംരംഭക വർഷത്തിൽ ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ആറുമാസത്തിനുള്ളിൽ തന്നെ 69,418 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 4370.51 കോടിയുടെ നിക്ഷേപം ആറുമാസംകൊണ്ട് സൃഷ്ടിക്കപ്പെട്ടു. 1,52,636 പേർക്ക് നേരിട്ട് തൊഴിൽ അവസരങ്ങൾ നൽകാൻ സാധിച്ചു. പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ പുതിയ വ്യവസായ കരട് നയം ഉടൻ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

ഉൽപ്പന്നങ്ങൾക്കെല്ലാം വിപണി ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വ്യവസായ സംരംഭങ്ങൾ വിജയകരമാക്കുന്നതിന് ഓരോരുത്തരും അംബാസിഡർമാരായി മാറണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിനു മുന്നോടിയായി മന്ത്രി മേളയിലെ സ്റ്റാളുകൾ സന്ദർശിച്ചു. മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കരകൗശല കലാകാരന്മാർക്കുള്ള പുരസ്കാരം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ്, വാർഡ് കൗൺസിലർ എം. എൻ. പ്രവീൺ എന്നിവർ സംസാരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സുരേഷ് കുമാർ പി.എസ് സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് മലമുഴക്കി ബ്രാൻഡിന്റെ മുള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുളള സംഗീത വിരുന്ന് നടന്നു.