ലഹരി വിരുദ്ധ സന്ദേശവുമായി രാമനാട്ടുകര നഗരസഭയുടെ കൂട്ടയോട്ടം. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം പൊതുമരാമത്ത്‌ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. ഓട്ടത്തിൽ മന്ത്രിയും ഒപ്പം ചേർന്നു.

ഫാറൂഖ് കോളേജ് രാജാ ഗെയ്റ്റ് മുതൽ രാമനാട്ടുകര സുരഭി ജംഗ്ഷൻ വരെ നടന്ന കൂട്ടയോട്ടത്തിൽ ഇരുനൂറോളം പേരാണ് പങ്കെടുത്തത്. കലാ സാംസ്കാരിക സാമൂഹ്യ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, യുവജന രാഷ്ട്രീയ സംഘടനകൾ, വിവിധ റസിഡൻസ്, വ്യാപാരി പ്രതിനിധികൾ, വിദ്യാർത്ഥി സംഘടനകൾ, തുടങ്ങി എൻഎസ്എസ് വളണ്ടിയർമാരും വിവിധ യൂത്ത് ക്ലബ്ബുകളും ഓട്ടത്തിൽ പങ്കാളികളായി.

നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീഖ്
കൂട്ടയോട്ടത്തിന് നേതൃത്വം നൽകി. യുവാക്കളുടെ ഫ്ലാഷ് മോബും അരങ്ങേറി.
രാമനാട്ടുകര നഗരസഭയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളോടെ നാലുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്.

എക്സൈസ് നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ക്യാമ്പുകൾ, വിദ്യാർത്ഥി സഭ, ജനസഭ, യുവജന സഭ, ജനകീയ ക്യാമ്പയിനുകൾ, വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും പ്രചരണ ബോർഡുകൾ സ്ഥാപിക്കൽ, ആയിരത്തോളം ഓട്ടോറിക്ഷകളിൽ ലഹരി വിരുദ്ധ സ്റ്റിക്കറുകൾ പതിക്കൽ എന്നിങ്ങനെ നിരവധി പരിപാടികളാണ് നടപ്പാക്കുക.