പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്‌പോട്ട് രജിസ്‌ട്രേഷന്‍ കാംപയിൻ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ 40 ശതമാനം സബ്‌സിഡി നിരക്കില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി അംഗീകൃതമായ വിവിധ സോളാര്‍ പാനല്‍ വിതരണക്കാരുമായി ഉപഭോക്താക്കള്‍ക്ക് സംവദിക്കാനും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാനുമുള്ള സൗകര്യം കാംപയിനിൽ ഒരുക്കിയിരുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. നൗഷാദ് പദ്ധതി വിശദീകരിച്ചു. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഇ -കിരണ്‍ പോര്‍ട്ടല്‍ വഴി ഉപഭോക്താക്കള്‍ക്ക് എങ്ങനെ സ്വയം രജിസ്‌ട്രേഷന്‍ ചെയ്യാം എന്നത് സംബന്ധിച്ച വിവരങ്ങളും വിശദീകരിച്ചു.
ചടങ്ങില്‍ സൗര പ്രോജക്റ്റ് സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ സീതാ രാമന്‍, ദക്ഷിണ മേഖല പ്രോജക്റ്റ് മാനേജര്‍ മിനി കെ. ശണ്‍മുഖം, ഡെപ്യുട്ടി ചീഫ് എന്‍ജിനീയര്‍(റിട്ട.) മധു ലാല്‍, കളക്ട്രേറ്റ് ജീവനക്കാര്‍, സോളാര്‍ പാനല്‍ വിതരണക്കാര്‍ എന്നിവര്‍ പങ്കെടുത്തു.