കേരള ലളിതകലാ അക്കാദമിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി ന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്താഭി മുഖ്യത്തില്‍ മാനന്തവാടി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ചമതി കളിമണ്‍ കലാ ശില്‍പ്പശാല സമാപിച്ചു. പരമ്പരാഗതമായി കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നവരും പഠനത്തിലൂടെ കളിമണ്‍ ശില്‍പ്പികളായവരും കളിമണ്ണില്‍ പരീക്ഷണം നടത്താന്‍ ആഗ്രഹിച്ചവരും ഒത്തുചേര്‍ന്ന ശില്പശാല വേറിട്ട അനുഭവമായി. കളിമണ്‍ ശില്‍പ്പ നിര്‍മ്മാണത്തിന്റെ ലോകത്തേക്ക് ചക്രം കടന്നു വരുന്നതിനും മുന്‍പേ സ്വന്തം കൈകള്‍ മാത്രമുപയോഗിച്ച് കളിമണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സമൂഹത്തിന്റെ പ്രതിനിധിയായി എത്തിയ ബേഗൂര്‍ സ്വദേശിനി സോമി ശില്പശാലയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. സിറാമിക് ശില്‍പ്പകലയില്‍ പ്രസിദ്ധി നേടിയ ജി. രഘുവും ശില്പശാലയില്‍ എത്തി. വീട്ടില്‍ ഉപയോഗിക്കുന്ന മണ്‍പാത്രങ്ങള്‍ മുതല്‍ ആഢംബര വസ്തുക്കള്‍ വരെ ശില്പശാലയിലെ കളിമണ്ണില്‍ പിറവിയെടുത്തു. നൂതനമായ ആശയങ്ങളും ചിന്തകളും പകര്‍ന്ന് നല്കിയ ശില്‍പ്പങ്ങളും ‘ചമതി’യുടെ ശ്രദ്ധാകേന്ദ്രങ്ങളായി മാറി. 40 കലാകാരന്‍മാര്‍ പങ്കെടുത്ത ശില്‍പ്പശാലയില്‍ നിന്ന് ചെറുതും വലുതുമായ 130 ലേറെ ശില്‍പ്പങ്ങളാണ് ജന്‍മമെടുത്തത്. കലക്ക് പ്രായഭേദമില്ല എന്നതിന് അടിവരയിട്ട് വിദ്യാര്‍ഥികള്‍ വരെ കളിമണ്ണില്‍ ഒരു കൈ നോക്കാന്‍ എത്തിയിരുന്നു. ശബരീശന്റെ നവോത്ഥാന ഗീതങ്ങള്‍, കെ.ജെ ബേബി അവതരിപ്പിച്ച ഏക പാത്ര നാടകം, ശില്‍പ്പി ജി.രഘു നയിച്ച ഓപ്പണ്‍ ഫോറം തുടങ്ങിയ സാംസ്‌ക്കാരിക പരിപാടികളും ശില്‍പ്പശാലയ്ക്ക്് മിഴിവേകി. നാല് ദിവസങ്ങളിലായി നടന്ന ശില്‍പ്പശാല ആസാദിക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കലാസ്വാദകരാണ് എത്തിച്ചേര്‍ന്നത്. പരമ്പരാഗത കലയായ കളിമണ്‍ ശില്‍പ്പ നിര്‍മ്മാണത്തെ വര്‍ത്തമാനകാലത്തില്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ യായിരുന്നു ശില്‍പ്പശാല സംഘടിപ്പിച്ചത്.