വർക്കല നിവാസികൾക്ക് ഇനി ‘ സ്വന്തം ട്രഷറി’. ഏറെ നാളുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി ഇനി മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ നിർവഹിച്ചു. വി. ജോയി എം. എൽ. എ അധ്യക്ഷത വഹിച്ചു. രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

വർക്കല സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം എന്നത് ദീർഘനാളായുള്ള ആവശ്യമായിരുന്നു. പെൻഷൻകാർക്കും ജീവനക്കാർക്കും വളരെ എളുപ്പത്തിൽ ഇവിടെ എത്താൻ കഴിയും. ഇടപാടുകാർക്ക് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ഏകജാലക സംവിധാനം, സ്ട്രോങ്ങ്‌ റൂം, സുരക്ഷയ്ക്കായി അഗ്നിശമനി എന്നിവക്ക് പുറമെ ശീതീകരിച്ച മുറികളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

പരിപാടിയിൽ ഒ. എസ് അംബിക എം. എൽ. എ, നഗരസഭ ചെയർമാൻ കെ. എം. ലാജി, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവർക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, ട്രഷറി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.