പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവർത്തി പൂര്‍ത്തീകരിച്ച കീഴ്മാട് കടത്തില്‍പുറം റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റോഡിന് 58.6 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്മാട് നിന്നും ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള പാതയാണിത്. പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന അനുവദിച്ച തുക ഉപയോഗപ്പെടുത്തി പ്രവർത്തി നടത്തിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. ജയപ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി സൈദത്ത്, കെ.എം ഗണേശന്‍, കെ സുധാകരന്‍, ആലിക്കോയ, സുനില്‍കുമാര്‍ വടക്കയില്‍, വാര്‍ഡ് മെമ്പര്‍ സുസ്മിത വിത്താരത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞിമമ്മു പറമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.