കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പ്’ എന്ന വിഷയത്തിൽ കോഴിക്കോട് മേഖലാ തലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു.

വിദ്യാഭ്യാസത്തെ കുറിച്ചുള്ള പൊതുവായ കാര്യങ്ങളും 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ചർച്ചയ്ക്ക് വിധേയമാക്കി. പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ചർച്ച എങ്ങനെ നടപ്പിലാക്കണം, ചർച്ച നടത്തേണ്ടത് എങ്ങനെ, വിവരങ്ങൾ ക്രോഡീകരിക്കേണ്ട രീതി തുടങ്ങിയവയുടെ പരിശീലനവും റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകി. എല്ലാ വിഭാ​ഗം ജനങ്ങളുടെയും അഭിപ്രായം പരി​ഗണിച്ച് പൊസിഷൻ പേപ്പറുകൾ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നാല് കേരള പാഠ്യപദ്ധതി ച‌ട്ടക്കൂടുകളുടെ കരട് തയ്യാറാക്കുകയും ബന്ധപ്പെട്ട സമിതികളിൽ ചർച്ച നടത്തി പാഠ്യപദ്ധതി ച‌ട്ടക്കൂടുകൾ രൂപീകരിക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങളും അനുബന്ധ സമാ​ഗ്രികളും വികസിപ്പിക്കും.

കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട്​ കോ-ഓർഡിനേറ്റർ ഡോ.എ.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽകുമാർ മുഖ്യാതിഥിയായി. ഡയറ്റ് ലക്ചറർ മിത്തു തിമോത്തി പദ്ധതി വിശദീകരിച്ചു. എസ്.സി.ഇ.ആർ.ടി റിസേർച്ച് ഓഫീസർമാരായ ഡോ. എൽ സുദർശൻ, ഡോ. എം.‌ടി ശശി, ഡോ.സഫറുദ്ദീൻ, ജഗദീഷ്, കെ സതീഷ് കുമാർ, നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജലൂഷ് എന്നിവർ സംസാരിച്ചു. റിസർച്ച് ഓഫീസർമാരായ ബി. ശ്രീജിത്ത് സ്വാ​ഗതവും ഡോ. എ.കെ അനിൽകുമാർ നന്ദിയും പറഞ്ഞു.

പരിശീലന പരിപാടിയിൽ കാസർഗോഡ് ,കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 55 പേർ പങ്കെടുത്തു. ഡയറ്റ് കോ-ഓർഡിനേറ്റേഴ്സ്, എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റീസ് എന്നിവരും പങ്കാളികളായി.