ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രചാരണ ക്യാമ്പയിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമായി. സ്മാർട്ട് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിലാണ് മണ്ഡലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ പരിപാടികളാണ് നടത്തുന്നത്. ലഹരി വിരുദ്ധ ചിത്രപ്രദർശനം, സിനിമ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരെയുള്ള പ്രഭാഷണങ്ങളും സംഘടിപ്പിക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കൂട്ടയോട്ടം നടത്തും. ഹയർസെക്കൻഡറി കുട്ടികൾക്കായി രചന മത്സരങ്ങളും സംഘടിപ്പിക്കും.
പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം പുറമേരി കെ.ആർ.എച്ച്.എസ്.എസിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പുറമേരി ടൗണിൽ നടന്ന കൂട്ടയോട്ടം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി അധ്യക്ഷയായി. സ്മാർട്ട് കുറ്റ്യാടി കോർഡിനേറ്റർ മോഹൻദാസ് പദ്ധതി വിശദീകരിച്ചു.
സി.എം വിജയൻ മാസ്റ്റർ, പി.പി മനോജ് (ബി പി സി തൂണേരി), പഞ്ചായത്ത് അംഗങ്ങളായ ഗീത എം.എം, വിജിഷ കെ.എം, ബീന കല്ലിൽ, ജിഷ ഒ.ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹേമലത തമ്പാട്ടി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സുധാവർമ്മ നന്ദിയും പറഞ്ഞു.