തൃശൂർ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തും. 2021-22 വർഷം ആധാരമാക്കിയാണ് സെൻസസ് നടത്തുന്നത്. സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു.
കാർഷിക മേഖലയിൽ വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക-സാമ്പത്തിക നയരൂപീകരണത്തിനും ആവശ്യമായ വിവര ശേഖരണത്തിനായാണ് കാർഷിക സെൻസസ് നടത്തുന്നത്. വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക – സാമ്പത്തിക നയരൂപീകരണത്തിനും കാർഷിക സെൻസസ് ഡാറ്റയാണ് ഉപയോഗിക്കുന്നത്. ജില്ലാതലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിനാണ്. സെൻസസിന്റെ ഫീൽഡ് ജോലികൾ താൽക്കാലികമായി തെരഞ്ഞെടുക്കുന്ന എന്യൂമറേറ്റർമാർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ ചെയ്യും.
മൂന്ന് ഘട്ടങ്ങളിലായാണ് കാർഷിക സെൻസസ് പ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാ തദ്ദേശസ്വയംഭരണ വാർഡുകളിലെയും ഭൂവുടമസ്ഥരുടെയും ഓപ്പറേഷണൽ ഹോൾഡർമാരുടെയും കൈവശമുള്ള കൈവശാനുഭവ ഭൂമിയുടെ (ഹോണൽഡിങ്‌സ്) വിവരങ്ങളാണ് ശേഖരിക്കുക. കൈവശ ഭൂമിയുടെ എണ്ണം, വിസ്തൃതി, സാമൂഹ്യവിഭാഗം, ജെൻഡർ, ഉടമസ്ഥത, ഹോൾഡിംഗിന്റെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങളാണ് ഒന്നാംഘട്ടത്തിൽ (ലിസ്റ്റിങ്ങിൽ) ശേഖരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളുടെ 20 ശതമാനം വാർഡുകളിൽ നിന്നുള്ള തെരഞ്ഞെടുക്കുന്ന ഹോൾഡിംഗുകളിൽ നിന്ന് കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരങ്ങൾ രണ്ടാം ഘട്ടത്തിൽ ശേഖരിക്കും.
മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളുടെ 7 ശതമാനം സാമ്പിൾ വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഹോൾഡിംഗുകളുടെ ഇൻപുട്ട് ഉപയോഗ രീതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
ജില്ലാ വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ സിൻസിമോൾ ആന്റണി കെ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) ലതാകുമാരി സി എസ് മുഖ്യപ്രഭാഷണം നടത്തി. ഡെപൂട്ടി പ്ലാനിംഗ് ഓഫീസർ എ എം സുമ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസർ കെ ടി ലേഖ, തദ്ദേശ സ്വയം ഭരണ വകുപ്പ് സീനിയർ സൂപ്രണ്ട് സി ജി ജയകൃഷണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, അഡീഷണൽ ജില്ലാ ഓഫീസർ ( ടി ആർ എസ്) സൈജോ ചാലിശ്ശേരി, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.