വനത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് സുരക്ഷിതമല്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്കും മക്കള്‍ക്കും ഇനി സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങാം. മഴ പെയ്താല്‍ മുഴുവനും ചോര്‍ന്നൊലിക്കുന്ന കൂരയില്‍ പാമ്പിനെയും പഴുതാരെയും ഭയന്ന് പറക്കമുറ്റാത്ത തന്റെ രണ്ട് മക്കളുമായി ഈ അമ്മ കഴിച്ചുകൂട്ടിയ ദിനരാത്രങ്ങള്‍ക്ക് അറുതി വരുത്തിയത് സ്‌കൂള്‍ പി.ടി.എയുടെയും അധ്യാപകരുടെയും സുമനസുകളുടെയും കാരുണ്യവും മാധ്യമങ്ങളുടെ ഇടപെടലുമാണ്.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് എട്ടാം നമ്പര്‍ കോളനിയില്‍ താമസിച്ചിരുന്ന വിനുവും വള്ളക്കടവ് ട്രൈബല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ ദര്‍ശന്‍, ദക്ഷണ എന്നിവര്‍ക്കാണ് അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാഷാത്കരിക്കപ്പെട്ടത്. വനത്തോട് ചേര്‍ന്ന അഞ്ച് സെന്റ് ഭൂമിയിലുള്ള വാസയോഗ്യമല്ലാത്ത വീടിന്റെ പരിസരത്ത് വന്യ മൃഗ ശല്യവും രൂക്ഷമായിരുന്നു. ചോര്‍ന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത കുടിലിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നതെന്ന് അധ്യാപകര്‍ പോലും അറിഞ്ഞിരുന്നില്ല. കുടുംബത്തിന്റെ അത്താണിയായിരുന്ന ദര്‍ശന്റെ പിതാവ് കാളിദാസിന്റെ വിയോഗത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയപ്പോഴാണ് അധ്യാപകര്‍ ഇവരുടെ അവസ്ഥ അറിഞ്ഞത്. ഇവരെ എങ്ങനെയും ദുരിത കയത്തില്‍ നിന്നും കരകയറ്റണമെന്ന് ആഗ്രഹിച്ച് സ്‌കൂളിലെ അധ്യാപകരും പിറ്റിഎ യും കൈകോര്‍ത്തുകൊണ്ട് കുറച്ചു പണം സമാഹരിച്ചുവെങ്കിലും ഒരു വീട് നിര്‍മ്മിക്കാനുള്ള പണം സമാഹരിക്കാന്‍ ആയില്ല. ഇതറിഞ്ഞ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലില്‍ സുമനസുകള്‍ സഹായ ഹസ്തവുമായെത്തി. ഇതോടെ വീടെന്ന ഇവരുടെ സ്വപ്നത്തിന് ചിറക് മുളച്ചു.
ഇവരുടെ തന്നെ മറ്റൊരുസ്ഥലത്ത് 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 20 ന് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ട്രൈബല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. ഇതോടെ സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങാമെന്ന സന്തോഷത്തിലാണ് ഈ നിര്‍ദ്ധന കുടുംബം. താക്കോല്‍ ദാന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.