ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി കേരള യുവജനക്ഷേമ ബോർഡ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വ്യത്യസ്ത മേഖലകളിലെ യുവജന സമൂഹത്തെ കോർത്തിണക്കിക്കൊണ്ടു യുവജനക്ഷേമ ബോർഡിന്റെ സന്നദ്ധ സേനയായ ടീം കേരളം, യുവതികളുടെ കൂട്ടായ്മയായ അവളിടം, എസ് സി/ എസ് ടി കേന്ദ്രങ്ങളിൽ രൂപീകരിച്ചിട്ടുള്ള യുവ ക്ലബുകൾ, ട്രാൻസ്ജെൻഡർ യുവജനങ്ങൾക്കുവേണ്ടി രൂപീകരിച്ച മാരിവിൽ ക്ലബ് തുടങ്ങിയവയുടെ നേതൃത്വത്തിലാവും പരിപാടികൾ സംഘടിപ്പിക്കുക എന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബർ 23 ന് സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തോടെയായിരിക്കും ക്യാമ്പയിനുകൾ തുടങ്ങുന്നത്. വ്യത്യസ്ത മേഖലകളിലെ പ്രഗൽഭരായ യുവാക്കൾ പങ്കെടുക്കുന്ന കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഉദഘാടനം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
നവംബറിൽ അവളിടം യുവതീക്‌ളബുകളുടെ നേതൃത്വത്തിൽ ജില്ലാടിസ്ഥാനത്തിൽ കലാജാഥ സംഘടിപ്പിക്കും. ഒരു നിയമസഭാമണ്ഡലത്തിലെ രണ്ടു കലാലയങ്ങളിലും ഒരു പൊതു കേന്ദ്രത്തിലുമായിരിക്കും കലാജാഥ സംഘടിപ്പിക്കുക. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തിൽ മാരിവില്ല് ക്ലബുകളുടെ നേതൃത്വത്തിൽ ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റിയുടെ സംഗമവും, മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമങ്ങളിലെ പോരായ്മകൾ ചർച്ച ചെയ്യുന്നതിന് യുവ അഭിഭാഷകരുടെ കൂടായ്മയും ചേരും. ഡിസംബറിൽ എറണാകുളം ജില്ലയിൽ വെച്ചാവും കൂട്ടായ്മ. ഇതിനു പുറമെ നവംബർ 10 ന് ഇൻഫോപാർക്കിലെയും നവംബർ 17 ന് ടെക്‌നോപാർക്കിലെയും ഐ.ടി പ്രൊഫഷനലുകളുടെ സംഗമവും ക്യാമ്പയിന്റെ ഭാഗമായി നടക്കും. ലോകകപ്പിനോടനുബന്ധിച്ചു മയക്കുമരുന്നിനെതിരെയുള്ള ബോധവൽകാരണവുമായി ബന്ധപ്പെട്ടു ‘വേണ്ട മയക്കുമരുന്ന്: ലോകകപ്പിനെ വരവേൽക്കാം’ എന്ന ആശയവുമായി കേരളത്തിലുടനീളം ഫുട്‌ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മുൻകാല താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരങ്ങളും ഗോൾ ചലഞ്ച് എന്ന സോഷ്യൽ മീഡിയ കാമ്പയിനും നടത്തുവാനുമാണ് യുവജന ക്ഷേമ ബോർഡിന്റെ തീരുമാനം.
ക്യാംപയിനോടനുബന്ധിച്ചു മയക്കുമരുന്നിനെതിരെ ശ്രദ്ധേയമായ വാർത്ത ചെയ്യുന്ന അച്ചടി-ദൃശ്യ മാധ്യമ പ്രവർത്തകർക്ക് 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡും യുവജനക്ഷേമ ബോർഡ് പ്രഖ്യാപിച്ചു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നിർമിക്കുന്ന പത്തു പേർക്ക് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡും നൽകും. മുപ്പതു സെക്കന്റിൽ താഴെയുള്ള വാട്‌സാപ്പ് സ്റ്റാറ്റസും റീൽസും നിർമിക്കുന്ന പത്തു പേർക്ക് 2000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകുമെന്നു യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു.
യുവജന ക്ഷേമ ബോർഡിന്റെ സന്നദ്ധ സേനയായ ടീം കേരളയിലെ പരിശീലനം പൂർത്തീകരിച്ച 4000 സേന അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ഡിസംബറിൽ നടത്തുമെന്ന് തീരുമാനിച്ചതായും വൈസ് ചെയർമാൻ അറിയിച്ചു. ഒക്ടോബർ 31, നവംബർ 1, 2, 3, തീയതികളിൽ എറണാകുളം ജില്ലയിൽ യുവ പ്രതിഭകൾക്കായി യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സാഹിത്യ ക്യാമ്പും നടത്തും.