അഴിമതിയില്ലാത്ത ലഹരി വിമുക്തമായ കേരളത്തിനായി വിദ്യാർഥികളും യുവജനങ്ങളും മുന്നോട്ടുവരണമെന്ന് സിനിമാതാരം നിവിൻപോളി അഭിപ്രായപ്പെട്ടു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ അഴിമതി വിരുദ്ധ പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയും അഴിമതിയും നാടിന്റെ ഭാവി വികസനത്തെയും തലമുറകളെയും ദോഷകരമായി ബാധിക്കുന്നവയാണ്. ഇതിനെ എതിർത്തു തോൽപ്പിക്കാൻ സർക്കാർ വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണു നടത്തുന്നത്. ഈ പ്രവർത്തനങ്ങൾക്കൊപ്പം അണിനിരക്കാൻ നമുക്ക് സാധിക്കണം. മയക്കുമരുന്ന് ഉപയോഗത്തിൽനിന്നു പൂർണമായി മാറി നിൽക്കാൻ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും കഴിയണം. ഈ നാടിന്റെ പുതിയ പ്രതീക്ഷകളാണ് യുവജനങ്ങൾ. മരുന്നിനെതിരെയും അഴിമതിക്കെതിരെയും പോരാടുന്നവരായി നമ്മളോരോരുത്തരും മാറണം. ഇത്തരത്തിൽ മാതൃകാ സംസ്ഥാനമായി കേരളം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.