ആസാദി കാ അമൃത് മഹോത്സവം, അധികാര വികേന്ദ്രീകരണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്നിവയുടെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനില്‍ ഉള്‍പ്പെടുത്തി
ജനകീയം 2022 ക്വിസ് മത്സരം നടത്തി. പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് ജില്ലാതല മത്സരം സംഘടിപ്പിച്ചത്. ഡിപിസി ഹാളില്‍ നടന്ന പരിപാടിയില്‍
ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് പെര്‍ഫോമന്‍സ് യൂണിറ്റ് തലത്തില്‍ 87 ടീമുകള്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച 15 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അലന്‍ ജോണ്‍ റോബര്‍ട്ട്, അലക്‌സ് ആന്റോ ചെറിയാന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ യോഗ്യത നേടി. ആനയാംകുന്ന് വി.എം.എച്ച്.എസ് സ്‌കൂളിലെ മഹാറ ഷിഹാബ് പി, മിന്‍ഹ എം എന്നിവര്‍ രണ്ടാം സ്ഥാനവും ആവള, കുട്ടോത്ത് ജിഎച്ച്എസ്.എസ്സിലെ ആര്യശ്രീ പി, കൃഷ്‌ണേന്ദു എസ് പ്രദീപ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ വി അബ്ദുൾ ലത്തീഫ് സ്വാഗതം പറഞ്ഞു. നിതിന്‍ കെ എ ക്വിസ് മത്സരം നിയന്ത്രിച്ചു.