കുറ്റ്യാടി മണ്ഡലത്തിലെ തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ഡലത്തിലെ കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂർ, പുറമേരി, മണിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ നെൽകൃഷി വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്, മൈനർ ഇറിഗേഷൻ, കുറ്റ്യാടി ഇറിഗേഷൻ, സോയിൽ കൺസർവേഷൻ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഒക്ടോബർ 20, 21 തീയതികളിൽ മണ്ഡലത്തിലെ പാടശേഖരങ്ങൾ സന്ദർശിക്കും. തുടർന്ന് രണ്ടാഴ്ചയ്ക്കകം വിശദമായ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കും.

നെൽകൃഷിയുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രശ്നങ്ങൾ കർഷകർ യോഗത്തെ അറിയിച്ചു. മണിയൂർ വേങ്ങാടിക്കലിൽ മോട്ടോർ തകരാർ വേഗത്തിൽ പരിഹരിക്കാൻ പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഇറിഗേഷൻ, സോയിൽ കൺസർവേഷൻ വിഭാഗം ഉദ്യോഗസ്ഥർ, അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, കെ.എൽ.ഡി.സി, പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ, പാട ശേഖരസമിതി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.