സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി എടവിലങ്ങ് പഞ്ചായത്തിൽ മനുഷ്യ ചങ്ങല തീർത്തു. “ലഹരി ഉപേക്ഷിക്കാം, നല്ല നാളേയ്ക്കായി ഇന്ന് തന്നെ മാറാം” എന്ന സന്ദേശത്തോടെ കൈകോർത്ത മനുഷ്യചങ്ങലയിലൂടെ ലഹരിയിൽ നിന്ന് യുവജനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യമുള്ള സമൂഹത്തെ പടുത്തുയർത്തുകയാണ് ലക്ഷ്യമിടുന്നത്. എടവിലങ്ങ് അഞ്ചങ്ങാടി വളവ് മുതൽ എറിയാട് ചന്തപ്പാലം വരെ നീണ്ടുനിന്ന മനുഷ്യചങ്ങലയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ , വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ 2500 പേർ ലഹരിക്കെതിരെ കൈകോർത്തു.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എഡിഎം റെജി പി ജോസഫ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഫീഖ്, എക്സൈസ് ഉദ്യോഗസ്ഥർ, തീരദേശ പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.