മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ക്യൂ ആർ കോഡ് പതിക്കലിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി ഗിരിജ നിർവ്വഹിച്ചു.

ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്ക്കരിച്ചതിന്റെ കണക്കുകളും ആപ്പില്‍ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണ, സംസ്ക്കരണ പ്രവര്‍ത്തന പുരോഗതി മനസിലാക്കാന്‍ സാധിക്കും.

ഇരുപതാം വാർഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഹരിതമിഷൻ റിസോഴ്സ് പേഴ്സൺ ശശിധരൻ പദ്ധതി വിശദീകരണം നടത്തി. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സീനത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ.കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നാരായണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നിഷ തയ്യിൽ നന്ദിയും പറഞ്ഞു.