തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ഗ്രാമവണ്ടി എടവണ്ണയില്‍ ഒക്‌ടോബര്‍ 21ന് ഓടിത്തുടങ്ങും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വൈകീട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയില്‍ ഗ്രാമവണ്ടി ഓടി തുടങ്ങുന്ന ഏക പഞ്ചായത്താണ് എടവണ്ണ. പി.കെ ബഷീര്‍ എം.എല്‍.എ, മറ്റു രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.അഭിലാഷ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിച്ച പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസാണ് ‘ഗ്രാമവണ്ടി’. എടവണ്ണ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ കെ.എസ.്ആര്‍.ടി.സിയുടെ ഗ്രാമവണ്ടി ഒക്‌ടോബര്‍ 21 മുതല്‍ ഓടിത്തുടങ്ങും.

ഈ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാര്‍ക്കിങ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനന്‍സ്, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ ചെലവ് കെ.എസ.്ആര്‍.ടി.സി വഹിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനാകും. നിലവില്‍ ഗ്രാമീണ മേഖലകളില്‍ പലയിടത്തും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വന്‍ നഷ്ടത്തിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കെ.എസ.്ആര്‍.ടി.സി.