പാലക്കാട് ജില്ല വിദ്യാഭ്യാസനിലവാരത്തിലും സാക്ഷരതയിലും സ്ഥായിയായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇതില്‍ സുപ്രധാന പങ്കാണ് സാക്ഷരതക്കുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ജില്ലാതല കീ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്കുള്ള ത്രിദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ ആരോഗ്യ വിദ്യാദ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബി അധ്യക്ഷയായി. സാക്ഷരതാ ജില്ല കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസി. കോര്‍ഡിനേറ്റര്‍ പി.വി പാര്‍വ്വതി, ഡയറ്റ് പ്രതിനിധി ഡോ. രാമകൃഷ്ണന്‍, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഒ.വി ജയന്‍, ഡോ. ജയപ്രസാദ്, ഡോ. പി.സി എലിയാമ്മ, കേശവന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുമുള്ള 125 റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പരിശീലനം ഒക്‌ടോബര്‍ 20 ന് സമാപിക്കും.