ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളജിലെ ലക്ചറർ മുറിയിൽ ഇപ്പോൾ ഒരുക്കിയിട്ടുള്ളത് ഒരു ചെറിയ ആശുപത്രിയാണ്. നാട്ടിലെ ചെറിയ നഴ്‌സിങ് ഹോമിലുള്ള എല്ലസൗകര്യങ്ങളും അവിടെ ലഭ്യമാണ്. മൂന്നു ഡോക്ടർമാരുടെയും രണ്ടു നഴ്‌സുമാരുടെയും രണ്ടു ഫാർമസിസ്റ്റുകളുടെയും സേവനം 24 മണിക്കൂർ ഇവിടെ ലഭ്യമാണ്.
ചെങ്ങന്നൂർ ഗവ. ആശുപത്രിയിലെ ഡോ.ഷിനുവിനാണ് ഇവിടുത്തെ ചുമതല. ഇഞ്ചക്ഷൻ സൗകര്യം ഉൾപ്പെടെയുള്ളവ ഇവിടെ ലഭ്യമാണ്. മിക്കവാറും രോഗങ്ങൾക്കുള്ള മരുന്നുകളും ആവശ്യത്തിനു കരുതലായുണ്ട്. രണ്ടു നിലകളിലായുള്ള ക്യാമ്പായതിനാൽ ധാരാളം രോഗികളാണ് ഇവിടെ ചികത്സ തേടിയെത്തുന്നത്.
പരിമിതമായ സ്ഥലം മാത്രമുള്ള ഹോമിയോ ക്ലിനിക്കും മികച്ച സേവനമാണ് നൽകി വരുന്നത്. ക്യാമ്പിലുള്ളവർക്ക് ആവശ്യമായ പരിചരണം നൽകുന്നതിനൊപ്പം മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും ഹോമിയോ വകുപ്പിന്റെ സേവനമെത്തിക്കുന്നുണ്ട്. വിവിധ പഞ്ചായത്തുകളിലായി പ്രതിദിനം 50ലേറെ ഹോമിയോ മെഡിക്കൽ ക്യാമ്പുകളാണ് നടത്തിവരുന്നതെന്ന് ക്യാമ്പിന്റെ ചുമതലക്കാരി ഡോ. പ്രീത നായർ പറഞ്ഞു. ക്യാമ്പിലും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന രോഗികളുടെ എണ്ണവും കൂടുതലാണിവിടെ. ആവശ്യത്തിനുള്ള മരുന്നുകൾ കരുതലായി സൂക്ഷിച്ചിട്ടുണ്ട്.