പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങൾ സമഗ്രവും സുരക്ഷതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേയ്ക്ക് അർഹരായ പട്ടികജാതി കുടുംബങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുന്നത്.

ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രിൽ ഒന്നിനു ശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂർത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല.

മേൽക്കൂര പൂർത്തീകരണം, ശുചിത്വ ടോയ്‌ലറ്റ് നിർമ്മാണം, ഭിത്തികൾ ബലപ്പെടുത്തൽ വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്‌ലോറിംഗ് സമ്പൂർണ്ണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, പ്ലംബിംഗ് എന്നീ നിർമ്മാണ ഘടകങ്ങൾക്കാണ് തുക അനുവദിക്കുന്നത്.

ബന്ധപ്പെട്ട ബ്ലോക്ക് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ച്.