ഉദയം ഹോമിലെ അന്തേവാസികള്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ ബാങ്ക്. ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പുതിയ വാഹനം വാങ്ങി നല്‍കിയിരിക്കുകയാണ് ബാങ്ക്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സി എസ് ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് വാഹനം വാങ്ങി നല്‍കിയത്. ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി വാഹനത്തിന്റെ താക്കോല്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഗുപ്തയില്‍ നിന്ന് ഏറ്റുവാങ്ങി.

തെരുവില്‍ കഴിയുന്നവര്‍, ആശ്രയമില്ലാത്തവര്‍, വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ പദ്ധതിയാണ് ജില്ലയിലെ ഉദയം ഹോം. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് നടപ്പിലാക്കുന്ന ഉദയം ഹോമുകള്‍ ചേവായൂര്‍, മാങ്കാവ്, വെള്ളിമാട്കുന്ന്, വെള്ളയില്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഹോമില്‍ എത്തിച്ചേരുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നുണ്ട്.

തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുക, സ്ഥിരം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുക, കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കുക, സാമൂഹ്യ പെന്‍ഷന്‍ പോലുള്ള സര്‍ക്കാര്‍- സര്‍ക്കാരിതര സേവനങ്ങള്‍ ഉറപ്പാക്കുക, തുടര്‍ വിദ്യാഭ്യാസവും തൊഴില്‍ നൈപുണി വികസനവും ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഉദയം ഹോമുകള്‍ ചെയ്തുവരുന്നു. നിലവില്‍ മൂന്ന് ഹോമുകളിലുമായി 280 ലേറെ താമസക്കാരുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.

ചടങ്ങില്‍ ഇന്ത്യന്‍ ബാങ്ക് കോഴിക്കോട് സോണല്‍ മാനേജര്‍ വിജയ ബാലസുബ്രഹ്മണ്യന്‍, സോണല്‍ ഡെപ്യൂട്ടി മാനേജര്‍ വി പി ജയറാം, ഉദയം പ്രൊജക്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ രാഗേഷ്, ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഋഷിന്‍ ശങ്കര്‍, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഉദയം പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ റയീസ ഫര്‍സാന സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി നന്ദിയും പറഞ്ഞു.