തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച സ്വയം തൊഴില്‍ ശില്പശാല കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് നടപ്പിലാക്കുന്ന അഞ്ച് സ്വയം തൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, കെസ്റു, നവജീവന്‍, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനരീതികള്‍ ശില്പശാലയില്‍ പരിചയപ്പെടുത്തി. സ്വയംതൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പാ നിര്‍ദ്ദേശങ്ങളും സബ്‌സിഡി വിവരങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസ്സുകളും നടന്നു. സ്വയം തൊഴില്‍ പദ്ധതികളിലൂടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയാണ് ശില്പശാലയുടെ ലക്ഷ്യം.

സ്വയം തൊഴില്‍ പദ്ധതികളില്‍ അര്‍ഹതയുള്ളവര്‍ക്ക് പരമാവധി ഒരുലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഇതില്‍ 50 ശതമാനം സബ്സിഡിയാണ്. സ്വയംതൊഴില്‍ ആനുകൂല്യം ലഭിക്കുന്നവരെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താല്‍ക്കാലിക/ സ്ഥിരം ജോലികള്‍ക്ക് പരിഗണിക്കുന്നതാണ്. വരും ദിവസങ്ങളില്‍ ജില്ലാ എക്സ്ചേഞ്ച് പരിധിയിലെ മൂന്ന് കേന്ദ്രങ്ങളില്‍ കൂടി ശില്പശാല സംഘടിപ്പിക്കും.