വിദ്യാർത്ഥിനികൾക്ക് ആശങ്കരഹിതമായ ആർത്തവദിനങ്ങൾ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളിൽ ഷീ പാഡ് പദ്ധതിക്ക് തുടക്കമായി. ആറു മുതൽ 12 ാം  ക്‌ളാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യമായി നൽകുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്നുകൾ, സൂക്ഷിക്കുന്നതിന് അലമാരകൾ, ഉപയോഗിച്ച പാഡുകൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇൻസിനേറ്ററുകൾ എന്നിവ  വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്.  ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂളിൽ ആരോഗ്യ,  സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പ്രിൻസിപ്പൽ വി. ശ്രീകലക്ക് ഇൻസിനേറ്റർ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.   കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ തികച്ചും ശാസ്ത്രീയമായി ആവിഷ്‌കരിച്ച പദ്ധതിയാണിതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.  പാഡുകളുടെ ലഭ്യതകുറവും ആർത്തവ ദിവസങ്ങളെകുറിച്ചുള്ള അമിതമായ ഉത്കണ്ഠയും കുട്ടികളിൽ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരത്തിൽ ചില സ്‌കൂളുകളിൽ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പോരായ്മകളുണ്ടായിരുന്നതായി കണ്ടെത്തിയെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി അറിയിച്ചു. അത്തരം പോരായ്മകൾ പരിഹരിച്ചശേഷമാണ്  വനിതാവികസന കോർപ്പറേഷൻ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നവീന രീതിയിൽ ആവിഷ്‌കരിച്ച്  ഷീ പാഡ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 144 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ 300 സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കും. തുടർന്ന് എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും അവർ അറിയിച്ചു. ആർത്തവം ജൈവശാസ്ത്രപരമായ ശാരീരിക പ്രക്രിയ മാത്രമാണെന്നും അശുദ്ധമായി കാണേണ്ടതില്ലെന്നും രഹസ്യമാക്കി വെയ്‌ക്കേണ്ടതില്ലെന്നും മന്ത്രി കുട്ടികളെ ഓർമിപ്പിച്ചു.   ആർത്തവ ശുചിത്വ അവബോധം നൽകുന്നതിന് എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് തയ്യാറാക്കിയ ലഘുലേഖ ഹെഡ്മാസ്റ്റർ  യു. മധുസൂദനൻ നായർക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. സി.കെ ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്‌സൺ കെ.എസ്. സലീഖ, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസഡിന്റ് എൽ.വി അജയകുമാർ, പഞ്ചായത്തംഗം ശ്രീകല എസ്, വനിതാവികസന കോർപ്പറേഷൻ  ഡയറക്ടർ ബിന്ദു വി.സി, എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് ഡയറക്ടർ ടി. രാജശേഖർ വനിതാവികസന കോർപ്പറേഷൻ മെമ്പർമാരായ ഗീനാകുമാരി, അന്നമ്മ പൗലോസ്, ടി.വി മാധവിയമ്മ തുടങ്ങിയവർ സംബന്ധിച്ചു.