എക്‌സൈസ് വകുപ്പ് നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 1024 കേസുകൾ. കേസിലുൾപ്പെട്ട 1038 പേരെ അറസ്റ്റ് ചെയതു. സെപ്തംബർ 16 മുതൽ ഒക്ടോബർ 20 വരെയുള്ള കണക്കാണിത്. പരിശോധനയിൽ പ്രതികളിൽ നിന്ന് 147.7 കിലോഗ്രാം കഞ്ചാവ്, 181 കഞ്ചാവ് ചെടികൾ, 957.7 ഗ്രാം എം.ഡി.എം.എ, 1428 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയിൽ, 187.6 ഗ്രാം നാർകോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂളുകൾ എന്നിവ ഉദ്യാഗസ്ഥർ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 8 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 411 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

എല്ലാ എക്‌സൈസ് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മുഴുവൻസമയ ഹൈവേ പട്രോളിങ് എന്നിവ സജ്ജീവമായി നടക്കുന്നുണ്ട്. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.