മൂന്ന് ദിവസങ്ങളിലായി കൽപ്പറ്റയിൽ നടന്ന എ.ബി.സി.ഡി ക്യാമ്പിൽ 3035 പേർക്ക് ആധികാരിക രേഖകളായി. പട്ടികവർഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം മുൻകയ്യെടുത്ത് നടത്തുന്ന പരിപാടിയിൽ
ആധാർ 586, റേഷന്‍ കാര്‍ഡ് 318, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ 232 , ബാങ്ക് അക്കൗണ്ട് 160, ആരോഗ്യ ഇന്‍ഷുറന്‍സ് 65, ഇലക്ഷന്‍ ഐ ഡി 556, ഡിജിലോക്കര്‍ 527 എന്നിങ്ങനെ ആകെ 3035 സേവനങ്ങൾ നല്‍കി.

ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നൽകുകയും ചെയ്തു.
30 അക്ഷയ കൗണ്ടറുകളാണ് ക്യാമ്പിൽ സജ്ജീകരിച്ചത്. പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇൻഷൂറൻസ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബൽ വകുപ്പ് എന്നിവയ്ക്കും കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് മുണ്ടേരി മിനി കോൺഫറൻസ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

കൽപ്പറ്റ നഗരസഭ ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.
തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, റവന്യു തുടങ്ങി 18 വിഭാഗം ഓഫീസുകളാണ് ക്യാമ്പില്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അക്ഷയ കേന്ദ്രം ഒരുക്കിയിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകള്‍വഴിയും സേവനങ്ങള്‍ ലഭ്യമാകും.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പദ്ധതി വിശദീകരിച്ചു.
കൽപറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.അജിത, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.ജെ ഐസക്, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി മുസ്തഫ, മരാമത്ത്കാര്യ സ്റ്റാൻഡിംഗ് ഒ. സരോജിനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൈന ജോയ്
വാർഡ് കൗൺസിലർമാരായ ഡി.രാജൻ, ടി. മണി, എം.കെ ഷിബു, നഗരസഭ സെക്രട്ടറി വി.ജി ബിജു,ഐ.ടി മിഷൻ പ്രൊജക്ട് മാനേജർ ജെറിൻ സി ബോബൻ, അക്ഷയ കോർഡിനേറ്റർ ജിൻസി ജോസഫ്, ലീഡ് ബാങ്ക് മാനേജർ ബിപിൻ മോഹൻ, ജില്ലാ സപ്ലൈ ഓഫീസർ പി.എ സജീവ്, ഐ.ടി.ഡി പി പ്രൊജക്ട് ഓഫീസർ ഇ.ആർ സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു

എ ബി സി ഡി ക്യാമ്പ്; ഗോപികയ്ക്ക് ലഭിച്ചത് മൂന്ന് രേഖകൾ

എ ബി സി ഡി ക്യാമ്പ് വഴി മൂന്ന് രേഖകൾ സ്വന്തമാക്കിയ സന്തോഷത്തിലാണ് ജി.ഗോപിക. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗോപികയ്ക്ക് അധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടായിരുന്നില്ല.
എസ്.ടി പ്രൊമോട്ടറുടെ നിർദേശപ്രകാരം ഗോപിക കൽപ്പറ്റയിൽ നടന്ന എ ബി സി ഡി ക്യാമ്പിൽ എത്തുകയും രേഖകൾ സ്വന്തമാക്കുകയും ചെയ്തു