നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും കേരള മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് ത്രിദിന പരിശീലനം നടത്തും. കേരളത്തിലെ 14 സോണുകളിലായുള്ള 300 ഓളം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം. പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 26ന് രാവിലെ 11ന് മസ്‌കറ്റ് ഹോട്ടലിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട സോണുകളിലെ 30 ഉദ്യോഗസ്ഥർക്കാണ് ഒക്ടോബർ 26 മുതൽ 28 വരെ പരിശീലനം നൽകുന്നത്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് റോഡ് എൻജിനിയറിങ്ങിൽ വേണ്ട പ്രായോഗിക പരിജ്ഞാനം നൽകുക വഴി റോഡ് സുരക്ഷയുടെ പ്രധാന ഘടകങ്ങളായ എൻജിനിയറിങ്-എൻഫോഴ്‌സ്‌മെന്റ് എന്നിവയെ ശാസ്ത്രീയമായി സംയോജിപ്പിച്ചുകൊണ്ടു എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശാക്തീകരിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ ലക്ഷ്യം.