വയനാട് ജെയ്ന്‍ സര്‍ക്യൂട്ട് ലേഗോ പ്രകാശനം ചെയ്തു
വിനോദസഞ്ചാര മേഖലയില്‍ വലിയ സാധ്യകളുള്ള വയനാടിന്റെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നതായി സംസ്ഥാന ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2022 ന്റെ ആദ്യ പാതിയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ റിക്കാര്‍ഡ് വര്‍ധന ഇതിന്റെ തെളിവാണ്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ ഏതാനും മാസങ്ങളായി ടൂറിസം വകുപ്പ് നടത്തുന്ന ഇടപെടല്‍ മൂലം സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ടൂറിസം വകുപ്പുകളുമായി ആശയവിനിമയം നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.
വയനാടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വയനാട് ടൂറിസം പവലിയനുകള്‍ പ്രത്യേകം സ്ഥാപിക്കും. അവിടങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്താന്‍ സംവിധാനങ്ങള്‍ ഒരുക്കും. കാരവന്‍ പാര്‍ക്കുകള്‍ക്ക് വലിയ സാധ്യതകളുള്ള വയനാട്ടില്‍ അതും പരിശോധിച്ച് വരുന്നുണ്ട്. സഞ്ചാരികള്‍ക്ക് കൂടുതല്‍ ദിവസം തങ്ങാന്‍ കഴിയുന്ന വിധം ടൂറിസം ആക്ടിവിറ്റികള്‍ വര്‍ധിപ്പിക്കുക, ബാംഗ്ലൂര്‍ ഐടി ഹബിലെയും മറ്റും വര്‍ക്കേഴ്‌സിനെ വയനാട് വിനോദസഞ്ചാര മേഖലയിലേക്ക് ആകര്‍ഷിക്കുന്ന വിധം എല്ലാ സംവിധാനങ്ങളോടും കൂടിയ വര്‍ക്ക് സ്‌റ്റേഷന്‍, ഹെലി ടൂറിസം തുടങ്ങിയ സാധ്യതകളും പരിശോധിക്കുന്നതായി മന്ത്രി പറഞ്ഞു.
വയനാട് ജെയ്ന്‍ സര്‍ക്യൂട്ടിന്റെ ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രെയാംസ് കുമാറിന് നല്‍കി നിര്‍വഹിച്ചു. വയനാട് ജില്ലയില്‍ നിത്യ പൂജയുള്ള ജൈനക്ഷേത്രങ്ങളും നശിച്ചു കൊണ്ടിരിക്കുന്നതും ആര്‍ക്കിയോളജി വകുപ്പ് സംരക്ഷിക്കുന്നതുമായ ജൈനക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുകൊണ്ടാണ് ജെയിന്‍ സര്‍ക്യൂട്ട് ആരംഭിക്കുന്നത്. ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ജൈനമത സംസ്്കാരവും അമ്പലങ്ങളും ചരിത്രാവശിഷ്ടങളും കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തീര്‍ത്ഥാടനത്തിനും ചരിത്രം പഠിക്കാനും വരുന്ന സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പുതിയ ആശയമാണ് ജെയിന്‍ സര്‍ക്യൂട്ട്.
വയനാട് ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ ജൈന സമാജത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചന്ത്രനാതഗിരി കല്‍പ്പറ്റ, അനന്തനാഥ സ്വാമി പുളിയാര്‍മല, വെണ്ണിയോട്, വരദൂര്‍, പാലുകുന്ന്, അഞ്ചുകുന്ന്, പാണ്ടിക്കടവ്, പുതിയിടം അമ്പലങ്ങളും പനമരം പ്രദേശത്തെ അമ്പലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. വിവിധ ടൂറിസം സംഘടനകളുടെ സഹകരണത്തോടെ ജെയിന്‍ സര്‍ക്യൂട്ട് ടൂറിസം പ്രമോഷന്റെ ഭാഗമായി ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ജെയ്ന്‍ റൈഡ് സൈക്കിള്‍ റാലി നടത്താനും പദ്ധതിയുണ്ട്. താജ് വയനാട് റിസോര്‍ട്ടില്‍ നടന്ന പ്രകാശന ചടങ്ങില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലീം തുടങ്ങിയവര്‍ പങ്കെടുത്തു.